രാജവീഥിയെ പുളകംകൊള്ളിച്ച് അത്തം ഘോഷയാത്ര
1587118
Wednesday, August 27, 2025 7:43 AM IST
തൃപ്പൂണിത്തുറ: മലയാളത്തിന്റെ മഹോത്സവമായ ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ നിറപ്പകിട്ടിന്റെ ആഘോഷമായി അത്തം ഘോഷയാത്ര. ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തി. ചലച്ചിത്രതാരം ജയറാം ഫ്ലാഗ് ഓഫ് ചെയ്തതോടെ തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് ആവേശം പകർന്ന് ചമയ പുറപ്പാടിനായി കാത്തുനിന്ന കലാരൂപങ്ങൾ രാജവീഥിയിലേക്കിറങ്ങി.
അത്തം ഘോഷയാത്രയുടെ വരവറിയിക്കുന്ന അനൗൺസ്മെന്റ് വാഹനത്തിന് പിറകെ നീങ്ങിയ ജനപ്രതിനിധികളുൾപ്പെടുന്ന സംഘാടകർക്ക് പിന്നാലെയായി രാജഭരണകാലത്തെ അത്തച്ചമയത്തെ ഓർമപ്പെടുത്തും വിധം പെരുമ്പറ മുഴക്കി നകാരയിറങ്ങി. പിന്നാലെ രാജാവിന്റെ പല്ലക്ക്, മാവേലി, വിദ്യാർഥികളുടെ മാർച്ചിനും കലാപ്രകടനങ്ങൾക്കും പുറകെ പൗരാണികവും ആധുനികവുമായ ഒട്ടേറെ കലാരൂപങ്ങളും നൃത്തച്ചുവട് വച്ചിറങ്ങി. ഏറ്റവും പിന്നിലായി നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.
മൂവായിരത്തിലധികം കലാകാരന്മാർ പങ്കെടുത്ത ഘോഷയാത്രയുടെ മുൻനിര കിഴക്കേക്കോട്ട പിന്നിട്ടപ്പോഴും അത്തം നഗറിൽ നിന്ന് മുഴുവനായി ഇറങ്ങിയിരുന്നില്ല. നഗരം ചുറ്റിയ ഘോഷയാത്ര ഉച്ചയ്ക്ക് 2.30ഓടെയാണ് തിരികെയെത്തിയത്. രാവിലെ സിയോൺ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കള മത്സരങ്ങളുടെ പ്രദർശനം വൈകു ന്നേരം നടന്നു. ലായം കൂത്തമ്പലത്തിൽ വൈകുന്നേരം നടന്ന കലാസന്ധ്യ ഉദ്ഘാടനത്തോടെ രാജനഗരിക്ക് ആഘോഷനാളുകൾ സമ്മാനിച്ച് 10 ദിവസം നീണ്ടുനിൽക്കുന്ന കലാപരിപാടികൾക്കും തുടക്കമായി.
ആനയെ തിരികെ കൊണ്ടുപോയി
ഘോഷയാത്രയിൽ പങ്കെടുത്ത കുറുവട്ടൂർ ഗണേഷ് എന്ന ആനയെ സ്റ്റാച്ച്യു ജംഗ്ഷനിൽ നിന്ന് തിരികെ കൊണ്ടുപോയി. രാവിലെ 11ന് ശേഷം ആനകളെ എഴുന്നള്ളിക്കാൻ പാടില്ലെന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഘോഷയാത്രയിൽ പങ്കെടുപ്പിക്കാൻ ആനയെ സംഘാടകർ എത്തിച്ചത്. ആനയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും ആരോപണമുണ്ട്.
വേദിയിൽ മോക് പോളിംഗ് ബൂത്ത്
തദ്ദേശ തെരഞ്ഞെടുപ്പ് ബോധവത്കരണ പദ്ധതിയുടെ ഭാഗമായി അത്തച്ചമയ വേദിയിൽ മോക് പോളിംഗ് ബൂത്ത് ഒരുക്കിയിരുന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക തെരഞ്ഞെടുപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. അത്തച്ചമയം കാണാനെത്തിയ നിരവധിപേർ വോട്ട് ചെയ്താണ് മടങ്ങിയത്.
വാടിത്തളർന്ന് കലാകാരന്മാർ
നിശ്ചലദൃശ്യങ്ങളിൽ പങ്കെടുത്ത കലാകാരന്മാർ കനത്ത ചൂടിൽ അവശരായി. ഓർമകളിലെ എം.ടി. വൈശാലി എന്ന പേരിൽ അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിലെ കലാകാരി മോഹാലസ്യപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. മറ്റ് നിശ്ചലദൃശ്യങ്ങളിൽ പങ്കെടുത്ത കലാകാരന്മാരും വെള്ളം ശരീരത്തിൽ സ്പ്രേ ചെയ്തും മറ്റുമാണ് പൂർത്തിയാക്കിയത്.
പ്രളയം പ്രഥമം
അത്തം ഘോഷയാത്രയിൽ നിശ്ചലദൃശ്യങ്ങളുടെ വിഭാഗത്തിൽ കുരീക്കാട് ഉദയ ക്ലബ് അവതരിപ്പിച്ച തോരാമഴയും തീരാദുഃഖവും - പ്രളയം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മുളന്തുരുത്തി പെരുമ്പിള്ളി ഗ്രാമീണ വായനശാല അവതരിപ്പിച്ച മറയുന്ന കർമ്മ രംഗവും മൂന്നാം സ്ഥാനം തെക്കുംഭാഗം ചങ്ങാതിക്കൂട്ടം അവതരിപ്പിച്ച മാരക ലഹരി ആപത്ത്; ആസ്വദിക്കാം ജീവിതം എന്ന ദൃശ്യവും നേടി.
പൂക്കള മത്സരത്തിൽ സി.സി ഗ്രൂപ്പ് പള്ളുരുത്തി ഒന്നാം സ്ഥാനവും മഴവിൽ ആർട്സ് വരാപ്പുഴ രണ്ടാം സ്ഥാനവും നവോദയ എളമക്കര മൂന്നാം സ്ഥാനവും നേടി.
സ്കൂൾ മാർച്ച് പാസ്റ്റിൽ തൃപ്പൂണിത്തുറ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് ഒന്നാം സ്ഥാനവും തൃപ്പൂണിത്തുറ സെന്റ് ജോസഫ് സിജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ഓണം ചവിട്ടി താഴ്ത്തലുകളെ അതിജീവിക്കുന്ന ആഘോഷം: മന്ത്രി എം.ബി. രാജേഷ്
തൃപ്പൂണിത്തുറ: ചവിട്ടി താഴ്ത്തലുകളെ അതിജീവിക്കുന്നതിന്റെയും അതിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതിന്റെയും ആഘോഷമാണ് ഓണമെന്ന് മന്ത്രി എം.ബി. രാജേഷ്. തൃപ്പൂണിത്തുറയിൽ അത്താഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണാഘോഷത്തെ മറിച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അതെല്ലാം മലയാളികൾ തള്ളിക്കളഞ്ഞുവെന്നത് അഭിമാനത്തോടെ ഓർക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
എത്ര ചവിട്ടി താഴ്ത്തിയാലും സമത്വദർശനം ഏതു പാതാളത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുമെന്ന ആശയമാണ് ഓണം മുന്നോട്ടുവയ്ക്കുന്നത്. ഒരു തരത്തിലുള്ള വ്യത്യാസവുമില്ലാതെ മനുഷ്യരെ മുഴുവൻ ഒന്നായി കാണുന്ന മറ്റൊരു ആഘോഷം ഇന്ത്യയിൽ മറ്റൊരിടത്തുമില്ലായെന്നതും നമുക്ക് അഭിമാനിക്കാനുള്ള കാര്യമാണ്. പ്ലാസ്റ്റിക്കിനെ പൂർണമായും ഒഴിവാക്കി ഹരിതചട്ടങ്ങൾ പാലിച്ചു വേണം, ഓണാഘോഷങ്ങൾ നടത്താനെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ. ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. അത്തച്ചമയം ഘോഷയാത്ര സിനിമാതാരം ജയറാം ഫ്ലാഗ് ഓഫ് ചെയ്തു. ഫ്രാൻസിസ് ജോർജ് എംപി, അനൂപ് ജേക്കബ് എംഎൽഎ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, നടൻ രമേശ് പിഷാരടി തുടങ്ങിയവർ മുഖ്യാതിഥികളായി. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, ഉപാധ്യക്ഷൻ കെ.കെ. പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.