പിറവം സ്കൂൾ: രണ്ടാംഘട്ട നിർമാണത്തിന് രൂപരേഖയായി
1587595
Friday, August 29, 2025 4:50 AM IST
പിറവം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിറവം ഗവ. ഹയര്‍സെക്കൻഡറി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവർത്തനങ്ങളുടെ രൂപരേഖയായി. അനൂപ് ജേക്കബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗമാണ് അംഗീകരിച്ചത്.
ഇത് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു. കിഫ്ബി പദ്ധതി വഴി അനുവദിച്ച 5.30 കോടി രൂപയിൽ 1.50 കോടി രൂപയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചിരുന്നു. ബാക്കിയുള്ള 3.80 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് യോഗത്തില്‍ അവതരിപ്പിച്ചു.
നാല് ക്ലാസ് റൂം, ലാബുകള്‍, ലൈബ്രറി, റീഡിംഗ് റൂം, സ്റ്റാഫ് റൂം, ആധുനിക നിലവാരത്തിലുള്ള ടോയ്ലെറ്റുകള്, ഭിന്നശേഷി സൗഹൃദമായ ടോയ് ലെറ്റ്, റാമ്പ് ഉള്‍പ്പെടെ പ്രത്യേകമായ വാഷ് ഏരിയ ഉള്‍പ്പെടുത്തി പുതിയ ബ്ലോക്കും, സ്കൂളിന് പ്രവേശന കവാടവുമാണ് രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തനങ്ങളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പിറവം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ജൂലി സാബു, വൈസ് ചെയര്മാന് കെ.പി. സലിം, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ വത്സലാ വര്‍ഗീസ്, ബിമൽ ചന്ദ്രൻ, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബി. ബിധു, പിടിഎ പ്രസിഡന്റ് എസ്. സജി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.