സ്വകാര്യ ബസുകളിൽ എംവിഡി പരിശോധന : 42 വാഹനങ്ങള്‍ക്കെതിരേ നടപടി; 35,250 രൂപ പിഴ
1587303
Thursday, August 28, 2025 4:37 AM IST
ലൈസന്‍സ് ഇല്ലാത്ത ഡ്രൈവറും കുടുങ്ങി
കൊച്ചി: എംവിഡിയുടെ പരിശോധനയില്‍ കുടുങ്ങിയത് നിരോധിത എയര്‍ ഹോണ്‍ മുതല്‍ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ വരെ. സ്വകാര്യ ബസുകള്‍ കേന്ദ്രീകരിച്ച് മട്ടാഞ്ചേരിയില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 42 വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ച എംവിഡി 35,250 രൂപ പിഴയും ചുമത്തി.
എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ, എറണാകുളം ആര്‍ടിഒ എന്നിവരുടെ നിര്‍ദേശപ്രകാരം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയില്‍ നിന്നുള്ള രണ്ടു സ്ക്വാഡുകളും മട്ടാഞ്ചേരി സബ് ആര്‍ടിഒ ഓഫീസില്‍ നിന്നുള്ള ഒരു സ്ക്വാഡും പരിശോധന നടത്തിയത്. 95 വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
റോഡ് ടാക്സ് ഇല്ലാത്ത ഒരു വാഹനവും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച ഒരു ഡ്രൈവറെയും പരിശോധനയില്‍ പിടികൂടി.
നിരോധിത എയര്‍ഹോണ്‍, അമിത ശബ്ദത്തില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക, കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവര്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയവയില്‍ ഭൂരിഭാഗവും. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും.