മഴ ശക്തം; മൂവാറ്റുപുഴ നഗരറോഡിലെ ടാറിംഗ് നിർത്തിവച്ചു : തുടരുന്നു യാത്രാ ദുരിതം
1587592
Friday, August 29, 2025 4:50 AM IST
മൂവാറ്റുപുഴ: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ആരംഭിച്ച നഗര റോഡുകളുടെ ടാറിംഗ് മഴ വീണ്ടും ശക്തമായതിനെ തുടർന്ന് നിർത്തിവച്ചു. പി ഒ മുതല്‍ ടി ബി ജംഗ്ഷന് വരെ രണ്ടു ദിവസം നീണ്ടുനിന്ന ടാറിംഗ് പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവയ്ക്കേണ്ടിവന്നത്. ഒരു ദിവസം ഏകദേശം 350 - 400 മീറ്റര്‍ വീതം കണക്കിൽ നാല് ദിവസംകൊണ്ട് പി ഒ മുതല്‍ കച്ചേരിത്താഴം വരെയുള്ള ജോലികൾ പൂർത്തിയാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
ഒരുവശത്തെ ടാറിംഗ് പൂര്‍ത്തിയാക്കി വാഹനങ്ങള്‍ കഴിഞ്ഞദിവസം കടത്തിവിടാന്‍ തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ചിലയിടങ്ങളില്‍ ടാറിംഗ് വിണ്ടുകീറിയിട്ടുണ്ട്. ഓണത്തിനു മുമ്പ് നഗര റോഡിലെ ടാറിംഗ് പൂര്‍ത്തിയാക്കി വ്യാപാരികള്‍ക്കും ജനങ്ങൾക്കും ആശ്വാസകരമായ സാഹചര്യം ഒരുക്കണമെന്നതായിരുന്നു മാത്യു കുഴല്നാടന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം.
എന്നാല്‍ മഴ ശക്തമായതോടെ പരിശ്രമം പ്രതിസന്ധിയിലായിരിക്കുകയാണ്. മഴ മാറി റോഡിലെ ഈർപ്പം നീങ്ങുന്ന മുറയ്ക്ക് ടാറിംഗ് പുനരാരംഭിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു.