ഭരണവിരുദ്ധ വികാരത്തെ സിപിഎം വഴിതിരിച്ചുവിടുന്നു: മുഹമ്മദ് ഷിയാസ്
1587572
Friday, August 29, 2025 4:21 AM IST
കൊച്ചി: ഭരണ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്ന അഴിമതി മറയ്ക്കാന്‍ ഡിവൈഎഫ്ഐയെ കളത്തിലിറക്കി സിപിഎം സംഘര്‍ഷത്തിനാണ് ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഷാഫി പറമ്പില്‍ എംപിക്കെതിരായ ഡിവൈഎഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനും ഉള്‍പ്പെട്ട ഹവാല, റിവേഴ്സ് ഹവാല ഇടപാടില്‍ മന്ത്രിമാരും പങ്കുപറ്റിയെന്ന് ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് മറക്കാനാണ് ഡിവൈഎഫ്ഐ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സമരം അഴിച്ചു വിടുന്നതെന്ന് ഷിയാസ് പറഞ്ഞു.
ഷാഫിക്കെതിരായ സിപിഎം ആക്രമത്തില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു. ഡിസിസി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് എംജി റോഡില്‍ സമാപിച്ചു.
പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ അബ്ദുള്‍ ലത്തീഫ്, പി.വി. സജീവന്, സിജോ ജോസഫ്, അജിത്ത് അമീര്‍ ബാവ, എം.ജി.അരിസ്റ്റോട്ടില്‍, ജോഷി പള്ളന്‍, സഫല്‍ വലിയവീടന്‍, ശോഭ, പി.വൈ. ഷാജഹാന്, ടിബിന്‍ ദേവസി, എം.എ. ജോസി, നോബല്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.