കനാല്‍ നവീകരണ പദ്ധതി : ചെലവന്നൂരില്‍ ഡ്രഡ്ജിംഗ് ആരംഭിച്ചു
1587311
Thursday, August 28, 2025 4:37 AM IST
കൊച്ചി: കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന കനാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ചെലവന്നൂര്‍ കനാലില്‍ ഡ്രഡ്ജിംഗ് ജോലികള്‍ ആരംഭിച്ചു. ആറുമാസം കൊണ്ട് 65,000 ക്വുബിക് മീറ്റര്‍ മണ്ണ് നീക്കി കനാലിന്റെ ആഴം കൂട്ടുകയാണ് ലക്ഷ്യം. ചിലവന്നൂര്‍ കനാലിലൂടെയുള്ള ജലഗതാഗതത്തിനുള്ള സാധ്യതയും ഇതോടെ ഉരുത്തിരിയുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ബണ്ട് റോഡ് പാലത്തിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. ബണ്ട് റോഡ് ഭാഗത്ത് 500 മീറ്റര്‍ നീളത്തില്‍ കനാല്‍തീരം സൗന്ദര്യവത്കരിക്കുന്ന ജോലികളുടെ ടെൻഡറിംഗ് നടപടികളും ആരംഭിച്ചു.
ടൂറിസം, റിക്രിയേഷന്‍, ജലകായിക വിനോദം തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തും. രണ്ട് ബോട്ട് ജട്ടികള്‍ നിര്‍മിക്കാനും മംഗളവനം കനാല്‍ വികസിപ്പിക്കാനുമുള്ള ഡിപിആര്‍ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്.
കൊച്ചിയിലെ ആറുകനാലുകള് നവീകരിക്കുന്ന കിഫ്ബി ധനസഹായത്തോടെ കെഎംആര്‍എല്ലും വാട്ടര്‍ അഥോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന 3716.10 കോടി രൂപയുടെ ഐയുആര്ഡബ്ല്യുറ്റിസ് പദ്ധതിയുടെ ഭാഗമായാണ് ചെലവന്നൂര്‍ കനാല്‍ നവീകരണ ജോലികള്‍ ആരംഭിച്ചത്.
പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ കഴിഞ്ഞയിടെ ടൗണ്‍ഹാളില്‍ ബോധവത്കരണ പരിപാടിയും വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചിരുന്നു.