വിദേശമദ്യ ഷോപ്പിൽ മോഷണം: വിലകൂടിയ മദ്യവുമായി കള്ളൻ കടന്നു
1587313
Thursday, August 28, 2025 4:50 AM IST
തൃപ്പൂണിത്തുറ: താഴ് മുറിച്ച് വിദേശമദ്യ ഷോപ്പിൽ കയറിയ മോഷ്ടാവ് വില കൂടിയ രണ്ട് കുപ്പി വിദേശമദ്യവുമായി കടന്നു. തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് ചൂരക്കാടുള്ള വിദേശമദ്യ ഷോപ്പിലാണ് ചൊവ്വാഴ്ച്ച രാത്രി കള്ളൻ കയറിയത്.
ഷോപ്പിന്റെ നാല് താഴുകൾ മുറിച്ചു മാറ്റി അകത്ത് കടന്ന കള്ളൻ 2,800 രൂപയും 2500 രൂപയും വിലയുള്ള ഓരോ വിദേശമദ്യ കുപ്പിയുമായി കടന്നു കളയുകയായിരുന്നു.
ബുധനാഴ്ച രാവിലെയെത്തിയ ജീവനക്കാർ ഷോപ്പിന്റെ താഴുകൾ മുറിച്ചു മാറ്റിയിരിക്കുന്നത് കണ്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 12.45 ഓടെയാണ് മോഷണം നടന്നിരിക്കുന്നത്.