തുരുത്ത് റോഡിൽ വെള്ളക്കെട്ട് ; യാത്രക്കാർ ദുരിതത്തിൽ
1587585
Friday, August 29, 2025 4:36 AM IST
ആലുവ: തുരുത്ത് സർക്കാർ സ്കൂളിന് സമീപം മനയ്ക്കപ്പടി റോഡിൽ വെള്ളക്കെട്ട് രൂക്ഷം. മഴ പെയ്താൽ ഇവിടെ പൊതുമരാമത്ത് റോഡ് വെള്ളത്തിൽ മുങ്ങിയാൽ മുട്ടിന് മീതെ വെള്ളത്തിലൂടെ വേണം കാൽനടയാത്രികർക്ക് സഞ്ചരിക്കാൻ.
തുരുത്തിലെ ഏക സർക്കാർ കെവൈഎൽപി സ്കൂളിലെ വിദ്യാർഥികളും വെള്ളക്കെട്ട് മൂലം യാത്ര ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ്. രക്ഷകർത്താക്കളെത്തിയാണ് വിദ്യാർത്ഥികളെ കൊണ്ടു പോകുന്നത്. മണിക്കൂറുകൾ കഴിഞ്ഞാലേ ഇവിടത്തെ വെള്ളക്കെട്ട് അൽപ്പമെങ്കിലും ശമനമാകൂ.
മഴ വെള്ളം ഒഴുകി പോകുവാൻ കാനയില്ലാത്തതാണ് ഇവിടത്തെ ശക്തമായ വെള്ളക്കെട്ടിന് കാരണം. റോഡിന് സമീപം മുന്നൂറ് മീറ്റർ കാന നിർമിച്ച് വെള്ളം സുഗമമായി ഒഴുകിപ്പോകാൻ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.