മത്സ്യബന്ധന വള്ളം പിടികൂടി : അഴിമുഖം ഉപരോധിച്ച് തൊഴിലാളികൾ
1587567
Friday, August 29, 2025 4:21 AM IST
വൈപ്പിൻ: ലൈസൻസ് പുതുക്കാത്ത മത്സ്യബന്ധന വള്ളം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധം അഴിമുഖ ഉപരോധമായി മാറി. ഇന്നലെ രാവിലെ കൊച്ചി അഴിമുഖത്തുള്ള വൈപ്പിൻ ഫിഷറീസ് ഓഫീസ് ജെട്ടിക്കു സമീപം തൊഴിലാളികൾ വള്ളങ്ങളുമായി എത്തിയാണ് പ്രതിഷേധിച്ചത്. കായലിൽ നൂറുകണക്കിന് വള്ളങ്ങൾ നിരന്നതോടെ ജങ്കാർ സർവീസ് ഉൾപ്പെടെള്ള മറ്റു യാനങ്ങളുടെ സർവീസിനു തടസമായി.
ലൈസൻസ് പുതുക്കാത്ത ജപമാല എന്ന വള്ളം ബുധനാഴ്ചയാണ് ഫിഷറീസ് അധികൃതർ പിടിച്ചെടുത്തത്. തുടർന്ന് രണ്ടരലക്ഷം രൂപ ഫൈൻ അടക്കാതെ വള്ളം വിട്ടുനൽകില്ലെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു. ഇതേ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കടലിൽ മത്സ്യം കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറഞ്ഞതും, സർക്കാർ വർഷംതോറും ലൈസൻസ് ഫീസ് കുത്തനെ വർധിപ്പിക്കുന്നതും മൂലം പാവപ്പെട്ട തൊഴിലാളികൾക്ക് ലൈസൻസ് പുതുക്കാൻ കഴിയാതെ വരുന്നുവെന്നാണ് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി സെക്രട്ടറി പി.വി. ജയൻ പറയുന്നത്.
മാത്രമല്ല മത്സ്യത്തൊഴിലാളികൾ അടക്കുന്ന നിശ്ചിത തുകയിൽനിന്നും പഞ്ഞമാസങ്ങളിൽ നൽകാറുള്ള ഈ വർഷത്തെ സാമ്പത്തിക വിഹിതം സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നു മണിക്കൂറോളം നീണ്ട സമരത്തിന് ഒടുവിൽ പോലീസിന്റെ സാന്നിധ്യത്തിൽ പരമ്പരാഗത മത്സര തൊഴിലാളി നേതാക്കളും ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടറും തമ്മിൽ നടത്തിയ ചർച്ചയിൽ ലൈസൻസ് പുതുക്കാൻ വള്ളത്തിന് സാവകാശം നൽകുകയും, പിടിച്ചെടുത്ത വള്ളം വിട്ടുകൊടുക്കുകയും ചെയ്തു.
മാത്രമല്ല രണ്ടര ലക്ഷം പിഴ അടയ്ക്കേണ്ടതില്ലെന്നും തീരുമാനമായി. ഇതിനുശേഷമാണ് സമരക്കാർ വള്ളങ്ങളുമായി അഴിമുഖത്തുനിന്നും പിരിഞ്ഞുപോയത്.