മുടവൂരില്‍ വിരിഞ്ഞു, ചെണ്ടുമല്ലി നൂറുമേനി
1587334
Thursday, August 28, 2025 5:14 AM IST
മൂവാറ്റുപുഴ: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുടവൂരില്‍ ചെണ്ടുമല്ലിപ്പാടം തീര്‍ത്തിരിക്കുകയാണ് വനിതാ കര്‍ഷകര്‍. മുടവൂര്‍ ചാക്കുന്നത്ത് ക്ഷേത്രത്തിനു സമീപമാണ് ഓണ വിപണി ലക്ഷ്യമാക്കി നടത്തിയ ചെണ്ടുമല്ലി കൃഷി നൂറുമേനി പൂവിട്ടത്.
മൂടവൂര് സ്വദേശികളായ പച്ചേലില്‍ തങ്ക ജോര്‍ജ്, ആശ പ്രവര്‍ത്തകയായ വാഗമറ്റത്തില് സുലോജന ബിജു എന്നിവര്‍ ചേര്‍ന്നാണ് ചെണ്ടുമല്ലികൃഷി നടത്തിയത്. അത്തപ്പൂക്കളത്തിലെ ഒഴിച്ചുകൂടാനാകാത്ത പൂവാണ് ചെണ്ടുമല്ലി. മഞ്ഞയും ഓറഞ്ചും നിറത്തില്‍ പൂത്തുലഞ്ഞ് നില്ക്കുന്ന ചെണ്ടുമല്ലിപ്പാടം കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്.
പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി പ്രഭാകരന് ചെണ്ടുമല്ലി പൂന്തോട്ടത്തില്‍ എത്തി കര്‍ഷകരെ അഭിനന്ദിച്ചു. ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട തൈകളാണ് ഇവിടെ കൃഷിയിറക്കിയിരിക്കുതെന്ന് വനിത കര്‍ഷകര്‍ പറഞ്ഞു.
കപ്പ, കൂര്‍ക്ക, വെള്ളരി തുടങ്ങി നിരവധി വിളകളും ഇവര്‍ പാട്ടത്തിനെടുത്തും സ്വന്തം സ്ഥലത്തും കൃഷി ചെയ്തുവരുന്നുണ്ട്. ചെണ്ടുമല്ലികള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വിപണനം നടത്താനാണ് ഇവരുടെ തീരുമാനം.