മഴ ചതിച്ചു; ടൈൽ പാകൽ അവതാളത്തിലായി : ആലുവ-മൂന്നാർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം
1587577
Friday, August 29, 2025 4:36 AM IST
ആലുവ: റോഡിൽ ടൈലുകൾ പാകുന്നത് പാതിവഴിയിൽ ആവതാളത്തിലായതോടെ ആലുവ-മൂന്നാർ റോഡിൽ കാർമൽ മുതൽ രാജഗിരി വരെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ രാവിലെ മുതൽ ആലുവ മേഖലയിൽ കനത്തമഴ പെയ്തതും ബസുകൾ റൂട്ട് മാറിയോടിയതും യാത്രാ ദുരിതം ഇരട്ടിയാക്കി.
ചൂണ്ടി, കൊച്ചിൻ ബാങ്ക്, കാർമൽ ജംഗ്ഷനുകളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ടൈൽ വിരിക്കലാണ് മുടങ്ങിയത്. ഇതിനായി പാകിയ മെറ്റലുകളും വെള്ളക്കെട്ടിലായി. വാഹനങ്ങൾക്ക് വളരെ പതുക്കെ മാത്രമാണ് ഇതിലൂടെ കടന്നു പോകാനാകുന്നത്. ഇതോടെ പെരുമ്പാവൂർ, പൂക്കാട്ടുപടി റൂട്ടിലോടുന്ന യാത്രാ ബസുകൾ വൈകിയാണ് ഓടുന്നത്.
ഓടിയെത്താൻ മണിക്കൂറുകൾ എടുക്കുന്നുവെന്ന പേരിൽ ഭൂരിഭാഗം പെരുമ്പാവൂർ സ്വകാര്യ ബസുകൾ റൂട്ട് മാറ്റിയാണ് കടന്നു പോയത്. കെഎസ്ആർടിസി റൂട്ടിലൂടെ കുട്ടമശേരി-കീഴ്മാട് സർക്കുലർ രാജഗിരി ആശുപത്രിയുടെ മുന്നിലെത്തിയാണ് യാത്ര തുടർന്നത്.
ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് അഞ്ച് കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും പണി നടക്കാത്തതിനാലാണ് പ്രധാന ജംഗ്ഷനുകളിൽ ടൈലുകൾ പാകാൻ തീരുമാനിച്ചത്. എന്നാൽ ടൈൽ പാകലും മുടങ്ങിക്കിടക്കുകയാണ്.