മെട്രോ രണ്ടാംഘട്ടം : ആദ്യ പിയര്‍ക്യാപ് സ്ഥാപിച്ചു
1587314
Thursday, August 28, 2025 4:50 AM IST
കൊച്ചി: ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി തൂണുകള്‍ക്കു മുകളില്‍ പിയര്‍ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു.
കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിച്ച 80 ടണ്‍ ഭാരമുള്ള പിയര്‍ക്യാപ് ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേ പാതയിലുള്ള 281-ാം നമ്പര്‍ തൂണിലാണ് ഇന്നലെ അര്‍ധരാത്രിയോടെ ഹെവി ഡ്യൂട്ടി ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 284 വരെയുള്ള തൂണുകളില്‍ പിയര്‍ക്യാപ്പുകള്‍ സ്ഥാപിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി ഇതുവരെ 22 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മെട്രോപാതയ്ക്കുള്ള 670 പൈലുകളും, സ്റ്റേഷനുകള്‍ക്കുള്ള 228 പൈലുകളും ഉള്‍പ്പെടെ മൊത്തം 898 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായി.
കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്ക്യാപുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. 64 യു ഗര്‍ഡറുകളുടെയും 30 ഐ ഗര്‍ഡറുകളുടെയും 56 പിയര്ക്യാപുകളുടെയും നിര്‍മാണമാണ് ഇതേവരെ പൂര്‍ത്തിയായിരിക്കുന്നത്.