അപൂർവ ശസ്ത്രക്രിയയിലൂടെ 92-കാരിയുടെ അന്നനാളത്തിലെ തടസം നീക്കി തൊടുപുഴ സെന്റ്മേരീസ് ആശുപത്രി
1583610
Wednesday, August 13, 2025 8:20 AM IST
തൊടുപുഴ: ആഹാരം ആമാശയത്തിലേക്കു കടന്നുപോകാൻ സഹായിക്കുന്ന അന്നനാളത്തിലെ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അക്കലേഷ്യാ കാർഡിയ പിടിപെട്ട 92 കാരിയായ അരിക്കുഴ സ്വദേശിക്ക് പെർ ഓറൽ എൻഡോസ്കോപിക് മയോട്ടമി (POEM) ചികിത്സ വിജയകരമായി നിർവഹിച്ച് തൊടുപുഴ സെന്റ് മേരീസ് ആശുപത്രി മഹത്തായ നേട്ടം കൈവരിച്ചു. രാജ്യത്ത് പെർ ഓറൽ എൻഡോസ്കോപിക് മയോട്ടമി ചികിത്സ വിജയകരമായി നടത്തിയതിൽ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളാണ് ഇവർ.
പലവിധ ആരോഗ്യ പ്രശ്നങ്ങളുള്ള വയോധികരിൽ നവീന മിനിമലി ഇൻവസീവ് ഗാസ്ട്രോ എന്ററോളജിക്കൽ ശസ്ത്രക്രിയ നടത്താനായതും അഭിനന്ദനാർഹമാണ്.ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ജോഷി ജോസഫ്, ഡോ. ഷൈൻ ജെ. പകലോമറ്റം, ഡോ. ജിജോ വർഗീസ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. സ്വരാജ് ചെറിയാൻ എന്നിവരാണ് എൻഡോസ്കോപ്പി ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
രോഗിയുടെ പ്രായാധിക്യവും അനസ്തീഷ്യയുടെ അപകടസാധ്യതകളും നിലനിൽക്കുന്പോഴും എൻഡോസ്കോപ്പി ചികിത്സ വിജയകരമായി പൂർത്തിയാക്കാനായി. സുഖം പ്രാപിച്ച രോഗി വീട്ടിലേക്കു മടങ്ങുകയും ചെയ്തു. കഴിഞ്ഞ 25 വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ഗാസ്ട്രോ എന്ററോളജി വിഭാഗം ആയിരങ്ങൾക്ക് ആശ്രയകേന്ദ്രമാണ്. ശസ്ത്രക്രിയയ്ക്കുപുറമെ എൻഡോസ്കോപ്പിയിലൂടെ ആമാശയത്തിലെയും വൻകുടലിലെയും മുഴകൾ, പിത്തനാളിയിലെ കല്ലുകൾ, ട്യൂമർ എന്നിവ നീക്കം ചെയ്യുക എന്നീ ചികിത്സകളും വിജയകരമായി ഇവിടെ ചെയ്തുവരുന്നുണ്ട്.
എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് വഴി ബയോപ്സി എടുക്കുക, പാൻക്രിയാറ്റിക് സ്യൂഡോസിസ്റ്റുകൾ നീക്കിക്കളയുക, അന്നനാളത്തിലും വൻകുടലിലും പിത്തനാളിയിലും ഉണ്ടാകുന്ന ചുരുക്കങ്ങൾ മെറ്റൽ സ്റ്റെന്റുകൾ ഇട്ടു വികസിപ്പിക്കുക തുടങ്ങിയ ചികിത്സാരീതികളും ഇവിടെയുണ്ട്. തടസം നീക്കി തൊടുപുഴ സെന്റ്മേരീസ് ആശുപത്രി