സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല: സാബു എം. ജേക്കബ്
1583366
Tuesday, August 12, 2025 7:46 AM IST
കിഴക്കമ്പലം : കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കുന്നത്തുനാട് എംഎല്‍എയുടെയും ഭീഷണിക്ക് മുന്നില്‍ കീഴടങ്ങുന്ന പാര്‍ട്ടിയല്ല ട്വന്റി 20യെന്ന് സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെയും മെമ്പറെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരേ കിഴക്കമ്പലത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലി കിറ്റെക്സ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലങ്ങ് അമ്പലപ്പടിയില്‍ നിന്നാണ് റാലി ആരംഭിച്ചത്.
കിഴക്കമ്പലം പഞ്ചായത്തിന്റെയും സമീപ പഞ്ചായത്തുകളിലെയും ഭരണം ട്വന്റി20യെ ഏല്‍പ്പിച്ചത് ജനങ്ങളാണ്. ഇടത് വലത് പാര്‍ട്ടിക്കാരുടെ കൊള്ളയ്ക്കെതിരെയാണ് ജനം വോട്ട് ചെയ്ത് ട്വന്റി 20യെ വിജയിപ്പിച്ചത്. ജനം ഏൽപ്പിച്ച ആ ഉത്തരവാദിത്വം സിപിഎമ്മിന്റെ ഗുണ്ടായിസത്തിന് മുന്നില്‍ അടിയറവ് വയ്ക്കില്ലെന്ന് സാബു പറഞ്ഞു.
കിഴക്കമ്പലം പഞ്ചായത്തില്‍ പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുന്ന ഏക റോഡ് പിഡബ്ല്യുഡിയുടെ അധീനതയിലുള്ള കിഴക്കമ്പലം - പോഞ്ഞാശേരി റോഡാണ്. സ്ഥലം എംഎല്‍എയും ഇടതുസര്‍ക്കാരുമാണ് ഇതിന് ഉത്തരവാദികള്‍. സ്വന്തം അധീനതയിലുള്ള റോഡ് നന്നാക്കാന്‍ കഴിവില്ലാത്ത എംഎല്‍എയാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള കിഴക്കമ്പലം ബസ് സ്റ്റാൻഡില്‍ കയറി ഗുണ്ടായിസം കാണിക്കുന്നത്.
രണ്ടു മാസത്തിനകം കേരളത്തിലെ ഏറ്റവും മികച്ചതും മാതൃകാപരവുമായ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ബസ് സ്റ്റാൻഡായി കിഴക്കമ്പലം മാറും. കിഴക്കമ്പലത്തുകൂടി സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും അവിടെ തുടങ്ങുന്ന റസ്റ്ററന്റില്‍ നിന്ന് ഉച്ച ഭക്ഷണം സൗജന്യമായി ലഭിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
പ്രതിഷേധ യോഗത്തില്‍, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, വാര്‍ഡ് മെമ്പര്‍ അമ്പിളി വിജില്‍, വൈസ് പ്രസിഡന്റ് വിന്‍സി അജി, ബോബി എം.ജേക്കബ്, വി. ഗോപകുമാര്‍, ബെന്നി ജോസഫ്,അഡ്വ. ചാര്‍ളി പോള്‍, ജിബി ഏബ്രഹാം, കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.