കർഷകരെ കണ്ണീർ കുടിപ്പിച്ചാൽ കൊണ്ടറിയും: ഷിബു തെക്കുംപുറം
1583365
Tuesday, August 12, 2025 7:46 AM IST
കോതമംഗലം: ദുരിതങ്ങളും, കടബാധ്യതകളും, ജപ്തി നടപടികളും സഹിച്ച് പൊതുസമൂഹത്തെ തീറ്റിപ്പോറ്റുന്ന കർഷക സമൂഹത്തെ കണ്ണീർ കുടിപ്പിച്ചാൽ ഭരണവർഗം തെരഞ്ഞെടുപ്പുകളിലൂടെ അനുഭവിച്ചറിയുമെന്ന് യുഡിഎഫ് ജില്ലാ കൺവീനറും കർഷക കോ-ഓർഡിനേഷൻ ചെയർമാനുമായ ഷിബു തെക്കുംപുറം. കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കർഷക പ്രതിഷേധ കണ്ണീർ ദിനാചരണം കോതമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യം നാൾക്കുനാൾ വർധിക്കുകയാണ്. ശാശ്വത നടപടികളൊന്നും സ്വീകരിക്കാത്ത പിണറായി സർക്കാർ തങ്ങളുടെ അണികളെ കൊണ്ട് പ്രഹസന സമരങ്ങൾ സംഘടിപ്പിക്കുകയാണ്.
സംസ്ഥാന ഭരണവും കോതമംഗലത്ത് ഇടതു എംഎൽഎയും നിഷ്ക്രിയത്വം പാലിക്കുമ്പോഴാണ് ജനങ്ങളെ പുച്ഛിച്ചു തള്ളി ബോധ്യപ്പെടുത്തൽ നാടകങ്ങൾ നടത്തുന്നത്. ഈ കള്ള നാണയങ്ങളെ ജനങ്ങളാകെ തള്ളിക്കളയും.
റബർ സബ്സിഡി ലഭിച്ചിട്ട് ഒരു വർഷമായി, കർഷക ക്ഷേമനിധി ഇടത് സർക്കാർ ഫ്രീസറിൽ വച്ചു, നെൽ കർഷകർക്ക് വിറ്റ നെല്ലിന് തുക നൽകുന്നില്ല, മറ്റ് ആനുകൂല്യങ്ങളെല്ലാം തടയപ്പെട്ടിരിക്കുന്നു, വിള ഇൻഷ്വറൻസ് തുക കുടിശികയായിട്ട് രണ്ടു വർഷമായി. ഈ ഇനത്തിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ 10 കോടിയോളം രൂപയും മറ്റു കിഴക്കൻ മേഖലകളിൽ 25 കോടിയോളം രൂപയും ലഭിക്കാനുണ്ട്.
ഈ സാഹചര്യത്തിലാണ് 100 കോടി രൂപ ചെലവഴിച്ച് പിണറായി സർക്കാർ ആഡംബര കാറുകൾ വാങ്ങുന്നത്.നിറഞ്ഞ മനസോടെ കൃഷി ചെയ്യുന്ന കർഷകരെ, തകർന്ന ഹൃദയങ്ങളുടെ അവസ്ഥയിലേക്ക് തള്ളിവിട്ട ജനദ്രോഹ സർക്കാർ സംഘടിപ്പിക്കുന്ന 2025ലെ കർഷകദിനം കണ്ണീർ ദിനമായിട്ട് മാത്രമേ കാണാൻ കഴിയൂ എന്ന് ഷിബു തെക്കുംപുറം പറഞ്ഞു. കോ- ഓർഡിനേഷൻ ജനറൽ കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. കോ- ഓർഡിനേറ്റർ പി.സി. ജോർജ് കണ്ണീർ ദിന വിഷയമവതരിപ്പിച്ചു. വിവിധ മേഖലകളിലെ മികച്ച 101 കർഷകരെ ആദരിച്ചു. കർഷകരുടെ ഗാനങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.