ട്രെയിന്‍ യാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തുന്ന ആറംഗ സംഘം പിടിയിൽ
1583364
Tuesday, August 12, 2025 7:46 AM IST
കൊച്ചി: ട്രെയിന്‍ യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച് മൊബൈല്‍ ഫോണും പണവും കവർച്ച ചെയ്യുന്ന ആറംഗ സംഘം അറസ്റ്റിൽ. ആലുവയില്‍ അക്രമത്തിനിരയായി ട്രെയിനില്‍ നിന്നു വീണ് പരിക്കേറ്റയാളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ആറുപേരെ എറണാകുളം റെയില്‍വേ പോലീസ് പിടികൂടിയത്.
ആലുവ സൗത്ത് വാഴക്കുളം സ്വദേശി ഷെഫിന്, പെരുമ്പാവൂര്‍ മാറമ്പിള്ളി സ്വദേശി ആഷിക്, അല്ലപ്ര സ്വദേശി സിറാജ്, പെരുമ്പാവൂര്‍ റയോണ്‍ സ്വദേശി ജോഷ് വിന്, മുടിക്കല്‍ സ്വദേശി മുഹമ്മദ് ഫസല്‍, പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് പിടിയിലായത്.
അടുത്തയിടെ മംഗലാപുരത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന പരാതിക്കാരനെ ആലുവ ഭാഗത്ത് വച്ച് ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോൾ പ്രതികൾ വടികൊണ്ട് അടിച്ചുവീഴ്ത്തുകയും ഇയാളുടെ മൊബൈൽ ഫോണും പണവും മോഷ്ടിക്കുകയും ചെയ്തിരുന്നു.
ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ യാത്രക്കാരൻ പിന്നീട് റെയിൽവേ പോലീസിൽ പരാതി നൽകുകയും തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവിധയിടങ്ങളിൽ നിന്നായി പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇരുപതോളം മൊബൈല്‍ ഫോണുകള്‍ ഇത്തരത്തിൽ പ്രതികൾ ഇതിനോടകം മോഷ്ടിച്ചതായി റെയിൽവേ പോലീസ് കണ്ടെത്തി.
ആക്രമണവും കവർച്ചയും ട്രെയിനിന്റെ വേഗത കുറയുന്പോൾ
സ്റ്റേഷനിലേക്കെത്തുന്ന ട്രെയിനുകളുടെ വേഗത കുറയുന്ന സമയത്താണ് സംഘത്തിന്റെ ആക്രമണവും മോഷണവും. ട്രെയിനുകളുടെ അരികിലെ സീറ്റുകളിലും വാതില്പടിക്ക് സമീപത്തുമുണ്ടാകുന്ന യാത്രക്കാരെ വടികൊണ്ട് ആക്രമിക്കുന്നതാണ് ഇവരുടെ രീതി.
സംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് ആളുകളെ ആക്രമിക്കുന്നതിലെ പ്രധാനി. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉള്ളതായി റെയിൽവേ പോലീസ് പറയുന്നു. ട്രെയിനുകളിൽ നാട്ടിലേക്ക് മടങ്ങുന്ന ഇതരസംസ്ഥാനക്കാരെയാണ് പ്രധാനമായും പ്രതികൾ ലക്ഷ്യംവച്ചിരുന്നത്.
നാട്ടിലേക്ക് മടങ്ങുന്നവർ പരാതിയുമായി പോകില്ലെന്ന വിശ്വാസത്തിലായിരുന്നു ഇവരുടെ മോഷണം.