പണം പിടിച്ചുപറിച്ചത് ചോദ്യംചെയ്ത മധ്യവയസ്കന് കുത്തേറ്റു
1583360
Tuesday, August 12, 2025 7:46 AM IST
കൊച്ചി: പണം പിടിച്ചുപറിച്ചത് ചോദ്യംചെയ്ത 49കാരനെ രണ്ടംഗ സംഘം കുത്തി വീഴ്ത്തി. നെഞ്ചില്‍ കുത്തേറ്റ തൃശൂര്‍ ചിറമ്മനങ്ങാട് സ്വദേശി ഷറഫുദ്ദീനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി റോബിന് ഭാസ്കര്‍ (46), നേപ്പാള്‍ സ്വദേശിയും കലൂരില്‍ താമസക്കാരനുമായ ശ്യാം ബെന്‍ ബഹാദൂര്‍ (43) എന്നിവരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.
കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. നഗരത്തില്‍ ചുറ്റിത്തിരിഞ്ഞ് നടക്കുന്നവരാണ് മൂവരും. ഷറഫുദ്ദീന്റെ കൈവശം ഉണ്ടായിരുന്ന 12,000 രൂപ തട്ടിയെടുക്കാന്‍ ശ്യാമും റോബിനും ചേര്‍ന്ന് ഇയാളെ വലിച്ചുകൊണ്ടുപോയി.
ഷറഫുദ്ദീന് ഇത് ചോദ്യം ചെയ്തതോടെ ശ്യാം കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവ സമയം മൂവരും മദ്യലഹരിയിലായിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് എത്തി ഷറഫുദ്ദിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പ്രതികളെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.