പലിശപ്പണ ഇടപാട്: അറസ്റ്റിലായ യൂത്ത് കോൺ. നേതാവിന് ജാമ്യം
1583355
Tuesday, August 12, 2025 7:46 AM IST
കിഴക്കമ്പലം: അനധികൃതമായി പലിശയ്ക്ക് പണം കൊടുത്ത സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം സെക്രട്ടറിക്ക് ജാമ്യം. പട്ടിമറ്റം ചേലക്കുളം കണിച്ചേരിക്കുടിതച്ചയിൽ സാലിം കെ. മുഹമ്മദിനെ (26)യാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കുകയും തുടർന്ന് രാത്രിയോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.
അനധികൃതമായി പണം പലിശയ്ക്കു കൊടുക്കുന്നതു സംബന്ധിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്. ചേലക്കുളത്തും പരിസര പ്രദേശങ്ങളിലുമായി പലിശയ്ക്കു പണം വാങ്ങി തിരികെ നൽകാത്തതിന്റെ പേരിൽ നിരവധി പേരുടെ സ്ഥലം സാലിം എഴുതിവാങ്ങിയതായും പരാതിയുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബ്ലാങ്ക് ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, കരാറെഴുതിയ മുദ്ര പത്രങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.
ചേലക്കുളത്ത് പണം തിരികെ നൽകാത്ത മൂന്നു പേരുടെ വസ്തു ഇയാൾ കോടതി വഴി അറ്റാച്ച് ചെയ്ത രേഖകളും കണ്ടെടുത്തിട്ടുണ്ട്. ചേലക്കുളം മനാഫിയ ജംഗ്ഷനിലെ വീട്ടിലെ കിടപ്പുമുറിയൽ രഹസ്യ അറയിലാണ് രേഖകൾ സൂക്ഷിച്ചിരുന്നത്. കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.