അധികാരികൾ കനിഞ്ഞില്ല; പാലത്തിനായി നാട്ടുകാർ രംഗത്ത്
1583352
Tuesday, August 12, 2025 7:46 AM IST
വൈപ്പിൻ : അധികാരികൾ കനിഞ്ഞില്ല; നായരമ്പലം നെടുങ്ങാട് ഹെർബർട്ട് പാലത്തിന്റെ അറ്റകുറ്റ പണികൾ നാട്ടുകാരെ കൂട്ടുപിടിച്ച് നെടുങ്ങാട് ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി. ഏറെക്കാലമായി അപ്രോച്ച് തകർന്ന് കോൺക്രീറ്റ് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലായിരുന്നു.
ഇതേതുടർന്ന് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി സഞ്ചരിക്കുന്ന പാലം അപകടഭീഷണി ഉയർത്തിയിരുന്നു . പാലം ഉടൻ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് നെടുങ്ങാട് ഫ്രണ്ട്സ് അസോസിയേഷൻ പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി.
നടപടിയില്ലാതെ വന്നപ്പോൾ ഇന്നലെ ഇവർ തന്നെ സംഘടിച്ച് രംഗത്തിറങ്ങി കോൺക്രീറ്റ് ചെയ്തു യാത്രായോഗ്യമാക്കുകയായിരുന്നു. ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ ,വാർഡ് മെമ്പർ ബിനിൽ എന്നിവർ നേതൃത്വം നൽകി.