മൂവാറ്റുപുഴ നഗരമധ്യത്തിലെ റോഡിൽ വീണ്ടും വൻ ഗർത്തം
1583350
Tuesday, August 12, 2025 7:46 AM IST
മൂവാറ്റുപുഴ: നഗരമധ്യത്തില്‍ കച്ചേരിത്താഴത്ത് റോഡിൽ വീണ്ടും വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇന്നലെ രാവിലെ 8.45ഓടെ വലിയ പാലത്തിനോട് ചേര്‍ന്നാണ് ഗര്‍ത്തം രൂപപ്പെട്ടത്. റോഡിന്റെ അരുകില്‍ രൂപപ്പെട്ട ഗര്‍ത്തം മധ്യഭാഗത്തേക്ക് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
2022 ഓഗസ്റ്റ് രണ്ടിന് ഇതേ സ്ഥലത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ആദ്യം ചെറുതായി രൂപപ്പെട്ട ഗർത്തം പിന്നീട് വന്‍ ഗര്‍ത്തമായി മാറി. അന്ന് അധികൃതര്‍ നികത്തിയ അതേ സ്ഥലത്ത് തന്നെയാണ് ഇന്നലെയും ഗര്‍ത്തം രൂപപ്പെട്ടത്. കുട്ടികളുമായി പോവുകയായിരുന്ന സ്വകാര്യ സ്കൂള്‍ ബസിന്റെ മുന്നിലെ ചക്രം കുഴിയിൽപ്പെട്ടെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ ജീവനക്കാര്‍ മുഴുവന്‍ കുട്ടികളെയും ബസില്‍നിന്നും പുറത്തിറക്കി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് ഉയര്‍ത്തി മാറ്റിയത്.
സംഭവം അറിഞ്ഞ് മാത്യു കുഴല്നാടന് എംഎല്‍എ സ്ഥലത്തെത്തി. എംഎല്‍എയുടെ നിര്‍ദേശത്തേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് ഇന്നു രാവിലെ സ്ഥലം സന്ദര്‍ശിക്കണമെന്ന് അറിയിച്ചു. ഇതിനിടെ ജെസിബി ഉപയോഗിച്ച് അരിക് ഇടിച്ചതോടെ ഗർത്തത്തിന് കാര്യമായ ആഴമുണ്ടെന്ന് കണ്ടെത്തി. പോലീസ് ഗര്‍ത്തത്തിനു ചുറ്റും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വിദഗ്ധരെത്തി പരിശോധന നടത്തിയാല്‍ മാത്രമേ ഗര്‍ത്തത്തിന്റെ ആഴവും വ്യാപ്തിയും കൂടുതല്‍ വ്യക്തമാവുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.