ഗതാഗതക്കുരുക്ക് രൂക്ഷമായി
1583349
Tuesday, August 12, 2025 7:46 AM IST
മൂവാറ്റുപുഴ: എംസി റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. നഗര വികസനവുമായി ബന്ധപ്പെട്ട് മാസങ്ങളായി നഗരത്തില്‍ ഗതാഗത കുരുക്കാണ്. ഇതിനിടെ ഇന്നലെ റോഡില്‍ ഗര്‍ത്തവും രൂപപ്പെട്ടതോടെ ഗതാഗത കുരുക്ക് ഇരട്ടിയായി. രാവിലെ മുതല്‍ നഗരത്തിലെത്തിയ നൂറുകണക്കിന് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു.
എംസി റോഡിലെ പ്രധാന പാലങ്ങളില്‍ ഒന്നാണ് കച്ചേരിതാഴത്തേത്. എറണാകുളം, തൃശൂര്‍, കോതമംഗലം പ്രദേശങ്ങളില്‍നിന്ന് ഇടുക്കി, തൊടുപുഴ, വൈക്കം, കോട്ടയം തുടങ്ങി പ്രധാന നഗരങ്ങളിലേക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഈ പാലം കൂടിയേ തീരു. മൂവാറ്റുപുഴ നഗരത്തില്‍ സമാന്തര സംവിധാനങ്ങള്‍ ഇല്ലാതെ വന്നതോടെ കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുകയായിരുന്നു. കോട്ടയം, പിറവം, തൊടുപുഴ ഭാഗങ്ങളില്‍ നിന്നു വന്ന മുഴുവന്‍ വാഹനങ്ങളും കച്ചേരിത്താഴം ചെറിയ പാലത്തിലൂടെ ഒറ്റ വരിയായി കടത്തിവിടുകയായിരുന്നു.
എറണാകുളം, തൃശൂര്‍, ഭാഗങ്ങളില്‍ വന്ന വാഹനങ്ങളാണ് പ്രധാനമായി കുരുക്കില്‍പ്പെട്ടത്. വെള്ളൂര്‍കുന്നം, ഇഇസി മര്‍ക്കറ്റ് റോഡിലൂടെ വാഹനങ്ങള്‍ തിരിച്ചുവിട്ടു. കീച്ചേരിപടി ജംഗ്ഷന് പിന്നിടാന്‍ ആവാതെ നിരവധി വാഹനങ്ങള്‍ കുരുക്കിലായി. കീച്ചേരിപടിയില്നിന്ന് കോതമംഗലം റൂട്ടിലൂടെ സഞ്ചരിച്ച് ചാലിക്കടവ് പാലം കടന്ന് ആശ്രമം റോഡ് വഴിയാണ് വാഹനങ്ങള്‍ക്ക് പോകാനായത്. ഇതോടെ നഗരം കടക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു.