കൂത്താട്ടുകുളം-പാലാ റോഡിലെ കലുങ്കിന്റെ പുനർനിർമാണം തടഞ്ഞു
1583348
Tuesday, August 12, 2025 7:46 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം-പാലാ റോഡിലെ കലുങ്കിന്റെ പുനർനിർമാണം പ്രദേശവാസികളും കൗൺസിലറും ചേർന്ന് തടഞ്ഞു. മംഗലത്തുതാഴത്തിന് സമീപം തകർന്ന കലുങ്കിന്റെ മെയിൻ സ്ലാബ് കഴിഞ്ഞദിവസം പൊളിച്ചു നീക്കിയിരുന്നു. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി എത്തിയ തൊഴിലാളികളെയാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ തടഞ്ഞത്.
പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അഭാവത്തിലാണ് നിർമാണങ്ങൾ രാവിലെ ആരംഭിച്ചത്. ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് തകർന്നുവീണ കലുങ്കിന്റെ മറ്റ് ഭാഗങ്ങൾ കൂടി പൊളിച്ചു നീക്കാതെ നിർമാണ തുടരാൻ അനുവദിക്കില്ല എന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്.
ഒരേ മിശ്രിതം കൊണ്ട് തന്നെ നിർമിച്ച മെയിൻ സ്ലാബും സൈഡ് വാളും ഒരുപോലെ ബലക്ഷയം സംഭവിച്ചിട്ടുണ്ടാകും എന്നാണ് നഗരസഭ കൗൺസിലർ ബോബൻ വർഗീസ് ഉൾപ്പെടെയുള്ള പ്രദേശവാസികൾ പറയുന്നത്. നിർമാണത്തിൽ നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുള്ളതായി പ്രദേശത്ത് തടിച്ചുകൂടിയ ആളുകൾ ചൂണ്ടിക്കാണിച്ചു.
നിർമാണ പ്രവർത്തനങ്ങൾ തടസപ്പെട്ട സാഹചര്യത്തിൽ അനൂപ് ജേക്കബ് എംഎൽഎ പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും തുടർന്ന് ഉദ്യോഗസ്ഥർ ഉച്ചയോടെ സ്ഥലത്തെത്തുകയും ചെയ്തു. കലുങ്കിന്റെ സൈഡ് വാൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൊളിച്ചു നീക്കണമെന്നുള്ള ആവശ്യം ക്വാളിറ്റി പരിശോധനയ്ക്ക് ശേഷം മാത്രം പരിഗണിക്കാൻ കഴിയുന്ന ഒന്നാണെന്നും.
പരിശോധനകൾക്ക് ശേഷം ഈ ഭാഗങ്ങളിൽ ബലക്ഷയം ഉണ്ട് എന്ന് കണ്ടെത്തിയാൽ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി പൊളിച്ചു നീക്കും എന്നും പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എൻജിനീയർ പി.വി. ബിജി പ്രദേശവാസികളോട് പറഞ്ഞു.
കോതമംഗലം എം.എ. കോളജിൽ നിന്നെത്തിയ എൻജിനീയറിംഗ് വിദഗ്ധന്റെ സഹായത്തോടെ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്. ഷാമോൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജൂലിയൻ ജോസ്, അസിസ്റ്റന്റ് എൻജിനീയർ ടി. വിനീത് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ കോൺക്രീറ്റ് പ്രതലത്തിന്റെ ക്വാളിറ്റി ഉറപ്പുവരുത്തുന്നതിനുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന റിപ്പോർട്ട് ലഭിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും തുടർന്നുള്ള നിർമാണങ്ങൾ നടക്കുക. നിലവിൽ പ്രദേശത്ത് ഒറ്റവരി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം നേരിയ ഗതാഗതക്കുരുക്കും അനുഭപ്പെടുന്നുണ്ട്.