വിദേശ ജോലി തട്ടിപ്പ്: ആലുവയിലെ ഏജൻസികളിൽ മിന്നൽ പരിശോധന
1583347
Tuesday, August 12, 2025 7:46 AM IST
ആലുവ: വിദേശ ജോലി തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലുവയിലെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലെ പത്തോളം റിക്രൂട്ടിംഗ് ഏജൻസികളിൽ ആലുവ പോലീസ് മിന്നൽ പരിശോധന നടത്തി. മൂന്ന് സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
ആലുവ ബാങ്ക് കവലയിൽ പ്രവർത്തിക്കുന്ന റോയൽ പ്ലാസയിലെ അനധികൃത റിക്രൂട്ടിംഗ് ഏജൻസികളായ മൈഗ്രിറ്റ് ഓവർസീസ് കണസൾട്ടന്റ്, അമിക്കോസ് ഇന്റർനാഷണൽ, ഗോസോൺ ബിസിനസ് ഹബ് എന്നിവയാണ് പൂട്ടി സീൽ ചെയ്തത്.
മൈഗ്രിറ്റ് സ്ഥാപനത്തിൽ എത്തുന്ന തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്താനായി ഉടമകൾ നിയോഗിച്ച രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഗോസോൺ സ്ഥാപനത്തിൽ നിന്നും ഉദ്യോഗാർഥികളുടെ ഒപ്പിട്ട ചെക്കുകൾ, സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് തുടങ്ങിയവയും പിടിച്ചെടുത്തു. ആലുവ മുനിസിപ്പാലിറ്റിയുടെ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളും റെയ്ഡ് ചെയ്തവയിൽ ഉൾപ്പെടുന്നു.
ഇവർ ആളുകളിൽനിന്ന് 50,000 രൂപ മുതൽ 12 ലക്ഷം വരെ വാങ്ങി കബളിപ്പിച്ചതായാണ് പരാതി. സ്ഥാപനങ്ങൾ പണം വാങ്ങി വിസ തട്ടിപ്പ് നടത്തുന്നതായും, ചെക്ക്, സർട്ടിഫിക്കറ്റുകൾ എന്നിവ പിടിച്ചുവച്ച് പണം വാങ്ങുന്നതായും പോലീസിന് പരാതികൾ ലഭിച്ചിരുന്നു.
ഇന്നലെ രാവിലെ 11ഓടെ ആലുവ സിഐ വി.എം. കേഴ്സന്റെ നേതൃത്വത്തിൽ നാല് ജീപ്പുകളിലായാണ് സംഘമെത്തിയത്. പല വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഒരു വാഹനവും അകത്തേക്ക് വരാനോ പുറത്തേക്ക് പോകാനോ അനുവദിച്ചില്ല.
റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശ പ്രകാരമായിരുന്നു. വരും ദിവസങ്ങളിലും സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
എന്നാൽ രണ്ടുമാസം മുമ്പ് നൽകിയ പരാതിയിൽ പോലീസ് വൈകിയാണ് നടപടി എടുത്തതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. വിദേശ ജോലി വാഗ്ദാനം നൽകി നൂറുകണക്കിന് ഉദ്യോഗാർഥിയിൽ നിന്നായി 13 കോടിയോളം രൂപ കബളിപ്പിച്ചെടുത്തെന്നാണ് മൈഗ്രിറ്റ് ഓവർസീസിനെതിരെയുള്ള പരാതി. നടത്തിപ്പുകാർ പ്രധാനപ്പെട്ട രേഖകളെല്ലാം നീക്കി, ഓഫീസ് അടച്ച് സ്ഥലം വിട്ട ശേഷമാണ് റെയ്ഡ് നടത്തിയതെന്നും ആരോപണമുണ്ട്. സ്ഥാപനത്തിന്റെ ബോർഡ് പോലീസ് ഇളക്കിമാറ്റിയത് ദുരൂഹമാണെന്നും കെട്ടിടത്തിലെ വ്യാപാരികൾ ആരോപിച്ചു.