കടയിൽനിന്ന് വയോധികയുടെ സ്വർണവും പണവും അടങ്ങിയ ബാഗ് മോഷണം പോയി
1583346
Tuesday, August 12, 2025 7:46 AM IST
കൂത്താട്ടുകുളം: ബൈക്കിൽ എത്തിയ യുവാവ് വ്യാപാരസ്ഥാപനത്തിൽ നിന്ന് വയോധികയുടെ പണവും സ്വർണവും അടങ്ങിയ ബാഗ് മോഷ്ടിച്ചതായി പരാതി. കൂത്താട്ടുകുളം കിഴകൊമ്പ് വലിയവിരിപ്പിൽതാഴത്ത് കട നടത്തുന്ന മുളന്താനത്ത് അമ്മുക്കുട്ടി ഗോപാലന്റെ ബാഗാണ് മോഷണം പോയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
രാവിലെ കടയിൽ സിഗരറ്റ് വാങ്ങിക്കാൻ എത്തിയ യുവാവ് ബാഗ് മോഷ്ടിച്ചതായാണ് പരാതി. മോഷണം പോയ ബാഗിൽ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാലയും 2000 രൂപയും മൊബൈൽ ഫോണും ഉണ്ടായിരുന്നതായി അമ്മുക്കുട്ടി പറഞ്ഞു.
യുവാവ് എത്തിയ സമയത്ത് കടയിൽ മറ്റാരും ഉണ്ടായിരുന്നില്ല. സിഗരറ്റ് ചോദിച്ച ശേഷം പണം എടുത്തില്ല എന്ന് പറഞ്ഞ യുവാവ് അതിവേഗം കടന്നുകളയുകയായിരുന്നു. കൂത്താട്ടുകുളം ടൗൺ ഭാഗത്തുനിന്നും ഹെൽമറ്റ് ധരിച്ച് എത്തിയ യുവാവ് പിന്നീട് ചോരക്കുഴി ഭാഗത്തേക്കാണ് പോയത്. കൂത്താട്ടുകുളം പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.