ഇന്റർ ക്ലബ് കരാട്ടേ ചാമ്പ്യന്‍ഷിപ്പ്
1583345
Tuesday, August 12, 2025 7:46 AM IST
കോലഞ്ചേരി: ഇന്‍ഡോ-ജപ്പാന് ഷിറ്റോ-റിയു കരാട്ടെ-ഡോ അസോസിയേഷന് സംഘടിപ്പിച്ച ഇന്റർ ഡോജോ ടൂർണമെന്റ് പഴംതോട്ടം സിയോൻ സെന്ററിൽ നടന്നു. ജില്ലയിലെ വിവിധ ക്ലബുകളിൽനിന്നും 320ഓളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ 2024-25 വർഷത്തിൽ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയിച്ചവരെയും 10, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ചവരെയും ആദരിച്ചു.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് ബിജു വി. പീറ്റർ അധ്യക്ഷത വഹിച്ചു. ഓള് ഇന്ത്യ പോലീസ് ഗെയിംസില്‍ മെഡല്‍ നേടിയ അജയ് തങ്കച്ചന് മുഖ്യാതിഥിയായിരുന്നു. ഇൻഡോ ജപ്പാൻ ഷിറ്റോ-ര്യു കരാട്ടെ അസോസിയേഷൻ ഔദ്യോഗിക വെബ്സൈറ്റ് പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. റോയി ഏബ്രഹാം കൊച്ചാട്ട് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രമോദ് രവീന്ദ്രൻ, കോർഡിനേറ്റർ ഷിനു എന്നിവർ പ്രസംഗിച്ചു. ചാമ്പ്യന്‍ഷിപ്പ് കോലഞ്ചേരി കരാട്ടെ അക്കാദമി സ്വന്തമാക്കി. രണ്ടാം സ്ഥാനം പട്ടിമറ്റം ക്ലബ് നേടിയപ്പോള്‍, മൂന്നാം സ്ഥാനം കിഴക്കമ്പലം കല കരാട്ടെ ക്ലബ് സ്വന്തമാക്കി.