അരൂര്‍-തുറവൂര്‍ പാത നിര്‍മാണം: പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കി
1583341
Tuesday, August 12, 2025 7:36 AM IST
കൊച്ചി: അരൂര്‍–തുറവൂര്‍ പാത നിര്‍മാണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യങ്ങളില്‍ ഏറെയും നടപ്പാക്കിയതായി എതിര്‍കക്ഷികള്‍ നല്കിയ വിശദീകരണങ്ങളും കേസുമായി മുന്നോട്ടു പോകുന്നതില്‍ ഹര്‍ജിക്കാരന്റെ താത്പര്യക്കുറവും പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.
ആലപ്പുഴ എഴുപുന്ന സ്വദേശി സി.ടി. ലിജിന്‍ ആണ് അരൂര്‍-തുറവൂര്‍ പാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.
അതേസമയം, അരൂര്‍-തുറവൂര്‍ പാത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താത്പര്യമുള്ള മറ്റാര്‍ക്കെങ്കിലും ആക്ഷേപമോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ വസ്തുതകള്‍ കോടതിയെ അറിയിക്കാനുള്ള അവസരം നിലനിര്‍ത്തിയാണ് നടപടികള്‍ അവസാനിപ്പിച്ചത്.