പ്രതിഷേധിക്കേണ്ടത് കിഫ്ബി ആസ്ഥാനത്ത്: എൽദോസ് കുന്നപ്പള്ളി എംഎൽഎ
1583012
Monday, August 11, 2025 4:58 AM IST
പെരുമ്പാവൂര്‍: കീഴില്ലം മുതല്‍ കുറുപ്പുംപടി വരെയുള്ള റോഡ് നിര്‍മാണം അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങളോട് ഒപ്പം കൂടാതിരുന്നവര്ക്ക് ഇപ്പോഴെങ്കിലും പ്രതിഷേധിക്കാന്‍ തോന്നിയത് നന്നായെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. ഭരണകക്ഷി അംഗങ്ങളുടെ മാര്‍ച്ച് തന്റെ നേരെയല്ല വേണ്ടതെന്നും തിരുവനന്തപുരത്തെ കിഫ്ബിയുടെ ആസ്ഥാനത്തേക്കാണ് അതു നടത്തേണ്ടതെന്ന് മറക്കരുതെന്നും അദ്ദേഹം ആക്ഷേപിച്ചു.
2017 ജൂലൈ 10ന് കിഫ്ബിയില്‍ നിന്ന് ഭരണാനുമതി ലഭിച്ച റോഡാണ് പുല്ലുവഴി-പാണിയേലിപ്പോര് റോഡ്. കീഴില്ലം ഷാപ്പുംപടി മുതല്‍ കുറുപ്പുംപടി വരെയുള്ള 6.3 കിലോമീറ്റര്‍ റോഡ് ഫസ്റ്റ് റീച്ചായും കുറുപ്പുംപടി എംജിഎം സ്കൂള്‍ മുതല്‍ പാണിയേലി പോരു വരെ രണ്ടാമത്തെ റീച്ചായും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പുനരുദ്ധാരണം നടത്തുന്നതിനായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒന്‍പത് വര്‍ഷക്കാലമായി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു.
പലതവണ പുതുക്കി നിശ്ചയിക്കപ്പെട്ട എസ്റ്റിമേറ്റ് ഒടുവില്‍ 25.06 കോടി രൂപയ്ക്ക് കിഫ്ബിയില്‍ സമര്‍പ്പിച്ചത് ഇപ്പോഴും പരിശോധനയില്‍ തുടരുകയാണ്. നിരവധി തവണ നിയമസഭയില്‍ സബ്മിഷന് ആയി റോഡിന്റെ പ്രശ്നം ഉന്നയിച്ചതായും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ കണ്ണില്‍ ഇനിയും പൊടിയിടാതെ ഫയലില്‍ ഒപ്പുവയ്ക്കാന്‍ കിഫ്ബി തയാറാകണമെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.