ഫോർട്ടുകൊച്ചി-വൈപ്പിൻ റോ റോ ജങ്കാറിൽ സർക്കാർ ജീവനക്കാരുടെ വാഹനങ്ങൾക്ക് മുൻഗണനയും സൗജന്യവുമെന്ന്
1575618
Monday, July 14, 2025 4:49 AM IST
വൈപ്പിൻ: ഫോർട്ടുകൊച്ചി-വൈപ്പിൻ റോ റോ ജങ്കാറിൽ സർക്കാർ ജീവനക്കാർ സ്വന്തം വാഹനങ്ങളുമായി സൗജന്യയാത്ര ചെയ്യുന്നതായി ആക്ഷേപം. അതും വൻതിരക്കിൽ ജങ്കാറിൽ കയറിപ്പറ്റാൻ ഏറെ നേരം ക്യൂവിൽ കാത്തു കിടക്കുന്ന സാധാരണക്കാരെ മറികടന്ന് മുൻഗണന നേടിയാണ് ഇവരുടെ സൗജന്യയാത്ര.
ആർഡിഒ ഓഫീസ്, താലൂക്ക് ഓഫീസ്, നഗരസഭാ മേഖല ഓഫീസ്, ലേബർ ഓഫീസ്, എഇഒ ഓഫീസ്, അഗ്നിശമന സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി, കെഎസ്ഇബി, വാട്ടർ അഥോറിറ്റി, കസ്റ്റംസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ക്യൂ മറികടന്നുള്ള ഈ സൗജന്യ യാത്രക്കാർ.
കഴുത്തിൽ തിരിച്ചറിയൽ ബാഡ്ജ് ധരിച്ച് കോർപ്പറേഷൻ ഓഫീസിൽ നിന്ന് മുൻഗണനയും സൗജന്യ യാത്രയും അനുവദിച്ച് എഴുതി വാങ്ങിയ ഒരു വാറോലയുമായാണ് ഇക്കൂട്ടർ റോ-റോയിൽ കയറാൻ വരുന്നതത്രേ.
ഈ സമയം മണിക്കൂറോളം ജങ്കാർ കാത്തുകിടക്കുന്ന സാധാരണക്കാരെ മറികടന്ന് ജീവനക്കാർ ഇവരെ ജങ്കാറിൽ കടത്തിവിടുകയാണ് പതിവത്രേ. സർക്കാർ വകുപ്പ് വാഹനങ്ങൾക്കും വികലാംഗർക്കും സ്ത്രീകൾക്കും ഉള്ള മുൻഗണനാ സൗകര്യമാണ് ജീവനക്കാർ ദുരുപയോഗം ചെയ്യുന്നത്.
ഇതിനെതിരേ യാത്രക്കാർ വ്യാപകമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ വിഷയം വൈപ്പിൻ-ഫോർട്ടുകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ ഏറ്റെടുത്തിട്ടുണ്ട്.
നാളെ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ, കൊച്ചി മേയർ ആർഡിഒ തുടങ്ങിയവർക്ക് പരാതി നൽകുമെന്ന് പ്രസിഡന്റ് ഫ്രാൻസിസ് ചമ്മിണി, ജനറൽ സെക്രട്ടറി വി.കെ. ബാബു എന്നിവർ അറിയിച്ചു.