ഓ​ണ​മു​ണ്ണാ​ൻ ദു​രി​ത​യാ​ത്ര
Wednesday, August 21, 2024 12:52 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: ഓ​ണ​മു​ണ്ണാ​ൻ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ത്ത​വ​ണ ദു​രി​ത​യാ​ത്ര​യാ​കും. ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു, ചെ​ന്നൈ, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ൻ റി​സ​ർ​വേ​ഷ​ൻ ഫു​ൾ ആ​യി. റി​സ​ർ​വേ​ഷ​ൻ കി​ട്ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് എ​ങ്ങ​നെ​യെ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. സെ​പ്റ്റം​ബ​ര്‍ 15നാ​ണ് തി​രു​വോ​ണം. ഇ​തി​നു​മു​മ്പ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ സൗ​ക​ര്യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഈ ​റൂ​ട്ടു​ക​ളി​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ പോ​ലെ ഓ​ണാ​വ​ധി​ക്ക് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ പ്ര​ഖ്യാ​പി​ക്കു​ന്ന രീ​തി മാ​റ്റി നേ​ര​ത്തെ ത​ന്നെ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് മ​ല​യാ​ളി​സ​മാ​ജം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വൈ​കി​യു​ള്ള സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ യാ​ത്ര​ക്കാ​ര്‍​ക്ക് പൊ​തു​വെ സ​ഹാ​യ​മാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു.


അ​ടു​ത്ത മാ​സം 10 മു​ത​ൽ 17 വ​രെ ട്രെ​യി​നു​ക​ളു​ടെ എ​ല്ലാം ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. ഓ​ണം പ്ര​മാ​ണി​ച്ച് റെ​യി​ൽ​വേ മും​ബൈ​യി​ൽ​നി​ന്ന് ഓ​ടി​ക്കു​ന്ന സ്പെ​ഷ​ൽ ട്രെ​യി​ൻ മം​ഗ​ളൂ​രു​വ​രെ മാ​ത്ര​മാ​ണ്. ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും കേ​ര​ള​ത്തി​ലേ​ക്കാ​ണ് യാ​ത്ര​ചെ​യ്യേ​ണ്ട​ത്. ഇ​തൊ​ക്കെ​യ​റി​ഞ്ഞി​ട്ടും റെ​യി​ൽ​വേ പ്ര​ത്യേ​ക വ​ണ്ടി​യു​ടെ ഓ​ട്ടം മം​ഗ​ളൂ​രു​വി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് മ​ല​യാ​ളി​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ത്യേ​ക ട്രെ​യി​ൻ സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ഇ​റ​ക്കി​യ​ത്.