ആനവണ്ടി ടൂർ ഹിറ്റ്; കളക്ഷൻ 3.5 കോടി
1451742
Sunday, September 8, 2024 7:33 AM IST
കണ്ണൂർ: കെഎസ്ആർടിസിയുടെ ആനവണ്ടി ടൂർ കണ്ണൂരിൽ വിജയകരം. സർവീസ് തുടങ്ങി രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ 480 സർവീസുകൾ നടത്തി 3.5 കോടി വരുമാനം നേടി.
ഏഴ് സ്ഥലങ്ങളിലേക്കാണ് ടൂർ നടത്തുന്നത്. രണ്ട് തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള സർവീസും നടത്തുന്നുണ്ട്. മൂന്നാർ, വാഗമൺ, ഗവി, വയനാട്, കോഴിക്കോട് പെരുവണ്ണാമൂഴി ഡാം, കാസർഗോഡ് റാണിപുരം, കണ്ണൂർ പൈതൽമല എന്നിവിടങ്ങളിലേക്കാണ് വിനോദയാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ കൊല്ലൂർ-മൂകാംബിക, ആറന്മുള പഞ്ചപാണ്ഡേശ്വരക്ഷത്രം എന്നിവിടങ്ങളിലേക്ക് തീർഥാടനയാത്രയും നടത്തുന്നുണ്ട്.
മൈസൂരുവിലേക്കും യാത്ര
അടുത്തമാസം മൈസൂരുവിലേക്ക് പുതിയ വിനോദയാത്ര സർവീസ് ആരംഭിക്കുമെന്ന് ആനവണ്ടി ടൂറിന്റെ ചുമതലയുള്ള കെ.ആർ. തൻസീർ പറഞ്ഞു. വയനാട് ചൂരൽമല ദുരന്തത്തെ തുടർന്ന് ഇതുവരെ വയനാട്ടിലേക്ക് ഒരു സർവീസാണ് നടത്താനായത്. അതോടൊപ്പം മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വലിയ തിരക്കിനും കുറവ് വന്നത് ആശങ്കയ്ക്ക് ഇടനല്കിയെങ്കിലും ഓണത്തിന് ശേഷമുള്ള ബുക്കിംഗ് തിരക്ക് വർധിച്ചത് ആശ്വാസം നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വിനോദയാത്ര സർവീസ് നടത്താൻ മൂന്ന് ബസുകളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓണത്തോടനുബന്ധിച്ച് 25 ലക്ഷത്തോളം രൂപ വരുമാനം കിട്ടിയിരുന്നു. ഇത്തവണ ഇതുവരെയുള്ള ബുക്കിംഗ് ഉൾപ്പടെ 10 ലക്ഷത്തിന് മുകളിലായതേയുള്ളൂ. മൂന്നാറിനാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. മൂന്നാറിലേക്കും പിന്നീട് ഗവിയിലേക്കുമാണെന്നും തൻസീർ പറഞ്ഞു.
ഓണത്തിന് സ്പെഷൽ സർവീസുകൾ
ഓണത്തിരക്ക് കുറക്കാൻ കണ്ണൂർ ഡിപ്പോയിൽ നിന്ന് കണ്ണൂർ-ബംഗളൂരു, കണ്ണൂർ-തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്പെഷൽ സർവീസുകൾ നടത്തുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി. മനോജ് കുമാർ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് 11 മുതൽ പ്രതിദിന സർവീസുകൾ ആരംഭിക്കും.
16 മുതൽ തിരിച്ചും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് 13നും തിരിച്ച് 17നും ഓരോ സർവീസും നടത്തും.
ദീപു മറ്റപ്പള്ളി