വിമാനത്താവള പാത : സാമൂഹികാഘാത പഠനം ആരംഭിച്ചു
1452044
Tuesday, September 10, 2024 1:46 AM IST
കൊട്ടിയൂർ: കൊട്ടിയൂർ അമ്പായത്തോടിൽ നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള നാലുവരി പാത നിർമാണവുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം ആരംഭിച്ചു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വി.കെ. കൺസൽറ്റൻസിക്കാണ് പഠന ചുമതല. ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ നേത്വത്തിലുള്ള സംഘമാണ് പഠനം നടത്തുന്നത്. സംഘം സർവേ നടത്തിയ പ്രദേശങ്ങൾ നേരിൽ കണ്ട് പരിശോധിച്ചു. തുടർന്ന് റോഡിനായി ഭൂമിയും വീടും കെട്ടിടങ്ങളും വിട്ടു കൊടുക്കുന്നവരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചു.
അടുത്തഘട്ടത്തിൽ ഭൂമി വിട്ടുകൊടുക്കുന്നതിലുടെ ഓരോ കൈവശക്കാരനും ഉണ്ടാകുന്ന ആഘാതം എത്രയെന്ന് തിട്ടപ്പെടുത്തും. ഇതു സംബന്ധിച്ച കരട് റിപ്പോർട്ട് സമർപ്പിച്ചശേഷമായിരിക്കും അടുത്തഘട്ടത്തിലെ നടപടികൾ ആരംഭിക്കുക. തയാറാക്കുന്ന കരട് റിപ്പോർട്ട് എല്ലാ പഞ്ചായത്തുകളിലും പ്രദർശിപ്പിക്കും. ഇതിൻമേൽ വീണ്ടും പരിശോധനകളും അഭിപ്രായ രൂപീകരണവും നടത്തി വിവിധ വകുപ്പുകൾക്ക് കൈമാറും. തുടർന്ന് സ്ഥലം വിട്ടു നൽകുന്നവരുടെ യോഗം വിളിച്ചു ചേർത്ത് അഭിപ്രായ രൂപീകരണവും നടത്തും. ഇതിനു ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് നൽകുക.
പഠനത്തിന് വി.കെ. കൺസൽറ്റൻസി ചെയർമാൻ വി.കെ. ബാലൻ, റോഡ് ഫണ്ട് ബോർഡ് ഓവർസിയർ കെ. ഡിജേഷ്, ലാൻഡ് അക്വസിഷൻ റവന്യൂ ഇൻസ്പെക്ടർ എം.ജെ. ഷിജോ, എ.ആർ. അഫ്സൽ, റിട്ട. തഹസിൽദാർ പി. രാധാകൃഷ്ണൻ, ടി. ബാബുരാജ്, റിട്ട.സർവേ ഡയറക്ടർ പി.കെ. ചന്ദ്രഭാനു എന്നിവർ നേതൃത്വം നൽകി.