വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ
1451796
Monday, September 9, 2024 1:10 AM IST
മട്ടന്നൂർ: ചാവശേരി കാശിമുക്കിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. മറ്റൊരു കേസിൽ മടിക്കേരി ജയിലിൽ റിമാന്റിൽ കഴിയുന്ന ഉളിക്കൽ സ്വദേശി ടി.എ. സലീം (42), കർണാടക സോമാർപോട്ട് സ്വദേശി എം.എ. സഞ്ജയ് കുമാർ (30) എന്നിവരെയാണ് മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 19 നാണ് കാശിമുക്ക് മുസ്ലിം പള്ളിക്ക് സമീപത്തെ ജാഫറിന്റെ ഉടമസ്ഥയിലുള്ള വീട്ടിൽ കവർച്ച നടന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്താണ് കവർച്ച നടത്തിയത്. ആയുധങ്ങൾ ഉപയോഗിച്ച് വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്.
കിടപ്പുമുറിയിലെയും ഹാളിലെയും അലമാരയുടെയും മേശയുടെയും മറ്റും ഡോറുകൾ തുറന്നു സാധനങ്ങൾ പുറത്തു വലിച്ചിടുകയും അലമാരയിൽ സൂക്ഷിച്ച 12 പവൻ സ്വർണാഭരണങ്ങൾ കവരുകയുമായിരുന്നു. ജാഫറിന്റെ ഭാര്യയുടെ ഉമ്മ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്നു മട്ടന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
മട്ടന്നൂർ സിഐ എം. അനിലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ജാഫറും കുടുംബവും വീട് പൂട്ടിയിട്ട് ബംഗളൂരുവിലാണ് താമസിച്ചു വന്നിരുന്നത്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതിനാൽ ജയിലിൽ കഴിയുന്ന ഇരുവരെയും വിട്ടുകിട്ടാൻ മട്ടന്നൂർ എസ്ഐ നിധിൻ കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി കവർച്ച നടത്തിയ വീട്ടിലും ആയുധം വലിച്ചറിഞ്ഞ സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.