സിപിഎം ബ്രാഞ്ച് സമ്മേളനം ക്ഷേത്ര പരിസരത്ത്; പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇടപെട്ട് മാറ്റി
1452336
Wednesday, September 11, 2024 1:46 AM IST
കൂത്തുപറന്പ്: ക്ഷേത്ര പരിസരത്ത് നടത്താനിരുന്ന സിപിഎം ബ്രാഞ്ച് സമ്മേളനം വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി. ഇന്നലെ തൊടീക്കളം നീലകണ്ടി ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ നടത്താനിരുന്ന ബ്രാഞ്ച് സമ്മേളനത്തിനെതിരെ ക്ഷേത്ര വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സിപിഎം പ്രവർത്തകരുമായി വാക്കേറ്റവും ഉണ്ടായി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കണ്ണവം പോലീസ് പാർട്ടി സമ്മേളനം മറ്റൊരിടത്തേക്ക് മാറ്റാൻ നിർദേശിച്ചു. ക്ഷേത്ര പരിസരത്ത് സമ്മേളനം നടത്തില്ലെന്ന പോലീസിന്റെ ഉറപ്പിനെ തുടർന്ന് വിശ്വാസികൾ പിരിഞ്ഞുപോയി.
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തോട് ചേർന്ന കെട്ടിടത്തിൽ പാർട്ടി സമ്മേളനം നടത്തിയത് പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സി.ഒ. മനേഷ് താലൂക്ക് ജനറൽ സെക്രട്ടറി ഷിജു പാലക്കൂൽ, താലൂക്ക് സെക്രട്ടറി കെ.രവിന്ദ്രൻ എന്നിവർ പറഞ്ഞു.
അതേ സമയം ക്ഷേത്രത്തോട് ചേർന്ന കെട്ടിടത്തിൽ പാർട്ടി സമ്മേളനം നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞു.സമ്മേളനം നടത്തിയത് ക്ഷേത്രത്തിനു സമീപത്തെ ഒരു വീട്ടിലാണ്. പ്രവർത്തകർക്ക് ഇരിക്കാൻ കസേര എടുക്കാൻ ക്ഷേത്ര സമീപത്തെ കെട്ടിടത്തിലേക്ക് പോയപ്പോൾ മിഥുൻ ഗണപതിയാടൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സിപിഎം ചിറ്റാരിപ്പറന്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ജിനിഷ് പറഞ്ഞു.