മലയോരത്ത് കാട്ടാനശല്യം രൂക്ഷം; കർഷകർ ഭീതിയിലെന്ന് എംഎൽഎ
1451808
Monday, September 9, 2024 1:10 AM IST
പയ്യാവൂർ: വനാതിർത്തിയോട് ചേർന്ന പയ്യാവൂർ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളായ കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, ആടാംപാറ, വഞ്ചിയം, ചന്ദനക്കാംപാറ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ അനുദിനം വർധിച്ചു വരുന്ന കാട്ടാന ശല്യം മൂലം കൃഷി മാത്രമല്ല പ്രദേശവാസികളുടെ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് സജീവ് ജോസഫ് എംഎൽഎ.
വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ തൂക്കുവേലികൾ അശാസ്ത്രീയമാണെന്ന കാരണത്താൽ കാട്ടാനകളെ തടയാൻ കഴിയുന്നില്ല. കാട്ടാനകൾ ജനവാസ പ്രദേശങ്ങളിൽ കടക്കാതിരിക്കാനുള്ള ശാശ്വത പരിഹാരമായ ആന മതിൽ എത്രയും വേഗത്തിൽ നിർമിച്ച് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ സർക്കാർ തയാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കോൺഗ്രസ് പയ്യാവൂർ മണ്ഡലം നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ എം.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ബേബി തോലാനി, ബെന്നി തോമസ്, ജോഷി കണ്ടത്തിൽ, എ.ജെ. ജോസഫ്, കെ.ടി. മൈക്കിൾ, ജോയ് പുന്നശേരിമലയിൽ, ഫിലിപ് പാത്തിക്കൽ, ബേബി മുല്ലക്കരി, ടി.പി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് പനന്താനം, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അമൽ തോമസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.