കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം
1452599
Thursday, September 12, 2024 1:41 AM IST
പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജ് പിടിച്ചെടുത്ത് കെഎസ്യു-എംഎസ്എഫ് സഖ്യം
കണ്ണൂർ: കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൂടുതൽ കോളജുകൾ എസ്എഫ്ഐ നേടിയെങ്കിലും എസ്എഫ്ഐ കോട്ടയെന്നറിയപ്പെട്ടിരുന്ന കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളേജ് നഷ്ടപ്പെട്ടു. എസ്എഫ്ഐക്ക് കനത്ത ആഘാതമേൽപ്പിച്ച് ചെയർമാനും ജനറൽ സെക്രറിയും യുയുസി.മാരുമുൾപ്പെടെ 14 സീറ്റുകളിൽ കെഎസ്യു-എംഎസ്എഫ് സഖ്യം വിജയിച്ചു.
പത്തു വർഷത്തിനു ശേഷമാണ് വനിതാ കോളജ് കെഎസ്യു-എംഎസ്എഫ് സഖ്യം തിരിച്ചു പിടിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടത്തും വിദ്യാർഥി സംഘർഷവും നടന്നു. കണ്ണൂർ പള്ളിക്കുന്ന് വനിതാ കോളജിനു മുന്നിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. അഴിക്കോട് മണ്ഡലം എം.എസ്. എഫ് ജനറൽ സെക്രട്ടരി സൽമാൻ അബ്ദുറസാഖിനെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ എസ്എൻ കോളജിൽ കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലും ഏറ്റുമുട്ടലുണ്ടായി.
കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലായുള്ള 66 കോളജിൽ 48ലും എസ്എഫ്ഐ വിജയിച്ചതായി എസ്എഫ്ഐ നേതൃത്വം അവകാശപ്പെട്ടു. കണ്ണൂർ ജില്ലയിലെ 45കോളജുകളിൽ 37 ഉം കാസർഗോഡ് 17ൽ ഒൻപതിലും വയനാട്ടിൽ നാലു കോളജുകളിൽ രണ്ടിലും കോളേജിലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ ജില്ലയിലെ തലശേരി ഗവ. ബ്രണ്ണൻ, കണ്ണൂർ എസ്എൻ, തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജ്, ശ്രീകണ്ഠപുരം എസ്ഇഎസ്, പയ്യന്നൂർ കോളജ്, പെരിങ്ങോം ഗവ കോളജ്, മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു. മുട്ടന്നൂർ കോൺകോട് കോളജ് കെഎസ്യുവിൽ നിന്ന് പിടിച്ചെടുത്തു.
കാസർഗോഡ് എളേരിത്തെട്ട് ഇ കെ നായനാർ ഗവ. കോളജ്, കരിന്തളം ഗവ. കോളജ്, പള്ളിപ്പാറ ഐഎച്ച്ആർഡി, ഐഎച്ച് ആർഡി മടിക്കൈ, എസ് എൻ ഡി പി കലിച്ചാനടുക്കം എന്നിവിടങ്ങളിൽ എതില്ലാതെയാണ് വിജയിച്ചതെന്ന് എസ്എഫ്ഐ നേതൃത്വം അവകാശപ്പെട്ടു. വയനാട്ടിൽ മാനന്തവാടി ഗവ. കോളജിൽ മുഴുവൻ സീറ്റും എസ്എഫ്ഐ ജയിച്ചു. പി കെ കാളൻ കോളജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വർഷങ്ങളായി എസ്എഫ്ഐ കൈയടക്കി വച്ചിരുന്ന കോളജുകൾ പിടിച്ചെടുത്തതതായി കെഎസ്യു-എംഎസ്എഫ് സഖ്യം അവകാശപ്പെട്ടു കൂത്തുപറമ്പ് നിർമലഗിരി ,മാടായി കോ-ഓപ്പറേറ്റീവ് കോളജ്,ഇരിട്ടി എം.ജി കോളജ്,ആലക്കോട് മേരി മാതാ കോളജ്,പൈസക്കിരി ദേവമാതാ കോളേജ്,നവജ്യോതി കോളേജ് ചെറുപുഴ,ഡി പോൾ കോളേജ് എടത്തൊട്ടി എന്നിവ കെഎസ്യു-എംഎസ്എഫ് സഖ്യം നിലനിർത്തിയതായി നേതൃത്വം അവകാശപ്പെട്ടു.
കേരളത്തിലെ കാന്പസുകളിൽ എസ്എഫ്ഐ തകർന്നടിയുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. സിപിഎമ്മിനും ഇടത്വിരുദ്ധ വികരാവും കാന്പസുകളിലും പ്രതിഫലിക്കുകയാണ്. കേരളത്തിലാകെ അലയടിക്കാൻ പോകുന്ന എസ്എഫ്ഐ വിരുദ്ധ തരംഗത്തിന്റെ സൂചനയാണിതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.