ഓണം മേളകൾ ഉണർന്നു
1451798
Monday, September 9, 2024 1:10 AM IST
കണ്ണൂർ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഓണത്തോടനുബന്ധിച്ചുള്ള മേളകള്‍ ഉണര്‍ന്നു. പോലീസ് മൈതാനത്ത് കൈത്തറി വസ്ത്ര പ്രദര്‍ശന വിപണനമേളയും കേരള ദിനേശിന്റെ ഓണം വിപണനമേളയും ജില്ലാ പഞ്ചായത്തിന്റെ വിപണനമേളയും ആരംഭിച്ചു. ദിനേശ് ഓണംവിപണന മേളയിലെ ഇത്തവണയും സ്പെഷല്‍ ഓണകിറ്റാണ്. ഗോതമ്പ് പൊടി, റവ, പുട്ടുപൊടി, പ്രഥമന്‍കിറ്റ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, വെളിച്ചെണ്ണ തുടങ്ങി 21 ഇനങ്ങളാണുള്ളത്. 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങളുടെ വില്പന. തേങ്ങാപ്പാല്‍, വെര്‍ജിന്‍ വെളിച്ചെണ്ണ, അച്ചാര്‍, ജാം, സ്ക്വാഷ്, മാംഗോ ഡ്രിങ്ക്, കറിപൗഡര്‍, പ്രഥമന്‍ കിറ്റ് തുടങ്ങിയവയ്ക്കെല്ലാം വന്‍ ഡിമാന്‍ഡാണ്. ബെഡ്ഷീറ്റുകള്‍ വന്‍ വിലക്കുറവിലാണ് വില്‍ക്കുന്നത്. ജില്ലയിലെ വിവിധ കൈത്തറി ഗ്രാമങ്ങളില്‍ നിന്നുമുള്ള നിരവധി സ്റ്റാളുകളുമുണ്ട്.
ഖാദി ഓണം മേള ഖാദി ഓഫീസിനു സമീപത്തായി തുടങ്ങിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക പരമ്പരാഗത വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണനമേളയിൽ മിതമായ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ലഭ്യമാകും.
സ്റ്റാട്ടപ്പ് സംരംഭങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, വ്യവസായ വകുപ്പിനു കീഴിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ, പരമ്പരാഗത ഉത്പന്നങ്ങൾ, റിബേറ്റോടെയുള്ള കൈത്തറി ഉത്പന്നങ്ങൾ, ജില്ല പഞ്ചായത്തിന്റെ ഫാമുകൾ, മില്ലുകളിൽ നിന്നു നേരിട്ടെത്തിക്കുന്ന കാർഷിക ഉത്പന്നങ്ങൾ, കരകൗശല നിർമാണ വസ്തുക്കൾ എന്നിവ സജ്ജീകരിച്ച വിവിധ സ്റ്റാളുകളാണ് മേളയിലുള്ളത്.
വിലക്കുറവും ഓഫറുകളുമായി കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സപ്ലൈകോയുടെ ഓണം ഫെയര്‍ ആരംഭിച്ചിട്ടുണ്ട്. പതിമൂന്നിന സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ, പ്രമുഖ ബ്രാന്‍ഡുകളുടെ 200ലധികം ഉത്പന്നങ്ങള്‍ക്ക് വന്‍വിലക്കുറവാണ് സപ്ലൈകോ നല്‍കുന്നത്. നെയ്യ്, തേന്‍, കറിമസാലകള്‍, മറ്റു ബ്രാന്‍ഡഡ് ഭക്ഷ്യ ഉത്പന്നങ്ങള്‍,പ്രധാന ബ്രാന്‍ഡുകളുടെ ഡിറ്റര്‍ജന്റുകള്‍, ഫ്ലോര്‍ ക്ലീനറുകള്‍, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്ക് 45 ശതമാനം വരെ വിലക്കുറവും പ്രത്യേകം ഓഫറുകളുമുണ്ട്. ശബരി സിഗ്നേച്ചര്‍ കിറ്റ് എന്ന പേരില്‍ ആകര്‍ഷകമായ കാരിബാഗില്‍ 55 രൂപയുടെ ആറ് വിവിധ ശബരി ഉത്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്‍കും.
ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉച്ചയ്ക്കു രണ്ട് മുതല്‍ നാലുവരെ ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് നടപ്പാക്കും. വിവിധ സബ്സിഡി ഇതര സാധനങ്ങള്‍ക്ക് സപ്ലൈകോ നിലവിലെ വിലക്കുറവിന് പുറമേ 10ശതമാനം വരെ വിലക്കുറവായിരിക്കും ഈ സമയം നല്‍കുക. വിവിധ ഉത്പന്നങ്ങള്‍ക്ക് എം.ആര്. പിയേക്കാള്‍, 50ശതമാനം വരെ വിലക്കുറവ് ലഭിക്കും. വിവിധ ഉത്പന്നങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ 50ശതമാനം വരെ വിലക്കുറവ് ലഭിക്കും.
നെറ്റിപ്പട്ടങ്ങളാണ് മേളയിലെ താരം
ജില്ലാ പഞ്ചായത്തിന്റെ മേളയിൽ കണ്ണഞ്ചിപ്പിക്കുന്ന നെറ്റിപ്പട്ടങ്ങളുടെ സ്റ്റാളാണ് പ്രധാന ആകർഷണം. ഏച്ചൂർ സ്വദേശി ഡി.കെ. അനുഷയാണ് വീട്ടിൽ നിന്നും സ്വന്തമായി നിർമിച്ച നെറ്റിപ്പട്ടങ്ങളുമായി എത്തിയത്. നെറ്റിപ്പട്ടത്തിനു പുറമെ അനുഷ തന്നെ നിർമിച്ച ആലവട്ടം, തിടമ്പ് എന്നിവയും സ്റ്റാളിലുണ്ട്. ഏറ്റവും വലിയ നെറ്റിപ്പട്ടത്തിന്റെ വില 10,000 രൂപയാണ്. ഒരാഴ്ച കൊണ്ടാണ് ഇവ നിർമിച്ചെടുക്കുന്നത്. 1100 രൂപ മുതലാണ് അത്യാവശ്യം വലിയ നെറ്റിപ്പട്ടങ്ങളുടെവില.100 രൂപയ്ക്ക് ചെറിയ ഹാംഗിഗ് നെറ്റിപ്പട്ടവുമുണ്ട്.
ഇതിനോടകം നിരവധി പേർ അനുഷയുടെ സ്റ്റാൾ സന്ദർശിക്കുന്നുണ്ട്. യൂട്യൂബിന്റെ സഹായത്തോടെയും പിന്നീട് തൃശൂരിലുള്ള നെറ്റിപ്പട്ട നിർമാതാക്കളുമായി ഓൺലൈൻ വഴിയുള്ള ക്ലാസുകളിലൂടെയുമാണ് നെറ്റിപ്പട്ടം ഉണ്ടാക്കാൻ പഠിച്ചത്. മയിൽപ്പീലി കൊണ്ടു നിർമിച്ചെടുത്ത നെറ്റിപ്പട്ടം ആരെയും ആകർഷിക്കുന്നതാണ്. ഇതിന്റെ ഗോൾഡ് സിൽവർ മിക്സഡ് നെറ്റിപ്പട്ടത്തിന് 7000 രൂപയാണ് വില. ഗോർഡിന് 5800 രൂപയും സിൽവറിന് 2800 രൂപയുമാണ്. ആലവട്ടത്തിന് 450 രൂപയാണ്. ഇതിൽ ജീസസിന്റെയും ഗണപതിയുടെയും രൂപവും ഒരുക്കിയിട്ടുണ്ട്. മരച്ചീളിനെ കൊണ്ട് നിർമിച്ച താറാവിന്റെ രൂപവും പ്രദർശനത്തിനൊരുക്കിയുട്ടുണ്ട്.