അന്തർദേശീയ സ്പോർട്സ് ഹബ്ബാകാൻ നെല്ലിക്കുറ്റി
1452328
Wednesday, September 11, 2024 1:45 AM IST
നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ ഡയമണ്ട് ജൂബിലി, സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ റൂബി ജൂബിലി എന്നിവയുടെ ഭാഗമായി നെല്ലിക്കുറ്റിയിൽ അന്തർദേശീയ നിലവാരം പുലർത്തുന്ന സ്പോർട്സ് ഹബ്ബ് നിർമിക്കുന്നു. സെന്റ് അഗസ്റ്റിൻസ് സ്പോർട്സ് ഹബ്ബ് എന്ന പേരിലാണ് ഹബ്ബ് നിർമിക്കുക. ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി സ്പോർട്സ് ഹബ്ബിന്റെ രൂപരേഖ കെസിവൈഎം പ്രസിഡന്റ് നോയൽ താഴത്തുവീട്ടിലിന് നൽകി പ്രകാശനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ അധ്യക്ഷത വഹിച്ചു. പ്രോജക്ട് വിജയകരമാക്കാനുള്ള പ്രാർത്ഥന ഹൈസ്കൂൾ ലീഡർ അവിനാൻ നിഷാന്ത് യുപി സ്കൂൾ ലീഡർ ജുവൽ ജിനുവിന് കൈമാറി.
സെവൻസ് ഫുട്ബോൾ ടർഫ് കോർട്ട്, ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, ഓപ്പൺ ജിം, ക്രിക്കറ്റ് പിച്ച്, ജോഗിംഗ് ഏരിയ, വെയിറ്റിംഗ് ഏരിയ, 200 മീറ്റർ ട്രാക്ക്, സിമ്മിംഗ് പൂൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും സ്പോർട്സ് ഹബിലെ സൗകര്യങ്ങൾ. ശിലാസ്ഥാപനം ഒക്ടോബർ 29 ന് നടക്കും. കെസിവൈഎം നെല്ലിക്കുറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ സെന്റ് അഗസ്റ്റിൻസ് പള്ളി, ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ, സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, നെസ (എൻഇഎസ്എസ്എ) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
രൂപരേഖ പ്രകാശന ചടങ്ങിൽ യുപി സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, ഹൈസ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, സ്കൂൾ പിടിഎ പ്രസിഡന്റുമാരായ ഷൈജു ഇലവുങ്കൽ, ലൈസൺ മാവുങ്കൽ, മദർ പിടിഎ പ്രസിഡന്റുമാരായ റീന കല്ലിപ്പുഴയിൽ, ജൂണി ചാമക്കാലയിൽ, ഇടവക കോ-ഓർഡിനേറ്റർ ജോസ് അഗസ്റ്റിൻ, ടോമി കൊച്ചുചെറുനിലത്ത്, തോമസ് കടവുംകണ്ടം, സിസ്റ്റർ ഷിജി, ടെന്നി വേങ്ങത്താനം, ഡോൺ ഇലവുങ്കൽ, റിന്റോ പരുന്തിരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.
സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താനും നാടിന്റെ വികസനം മുൻനിർത്തിയുമാണ് ഇത്തരം ബൃഹത് പദ്ധതിയെന്ന് സ്കൂൾ മാനേജരും നെല്ലിക്കുറ്റി ഇടവക വികാരിയുമായ ഫാ.മാത്യു ഓലിയ്ക്കൽ പറഞ്ഞു. ശരണ്യ സുബിൻ, കൃഷ്ണപ്രസാദ്, ടിജിൽ ജോർജ്, ബിജു എം.ദേവസ്യ, റീബ അറയ്ക്കപ്പറമ്പിൽ, മജി മാത്യു, ഷൈനി പുതിയാർമറ്റം, ജോസ് കുന്നുമ്മേൽ എന്നിവർ നേതൃത്വം നൽകി.