കോളജ് അധ്യാപകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കണം: കെപിസിടിഎ
1451733
Sunday, September 8, 2024 7:33 AM IST
കണ്ണൂർ: ഉന്നത വിദ്യാഭ്യാസ രംഗത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന ദീർഘവീക്ഷണമില്ലാത്ത തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ ജോലിഭാരം സമയം അളന്ന് അവരുടെ ആത്മവീര്യം തകർക്കരുതെന്നും കെപിസിടിഎ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
അധ്യാപകർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാതെയും സേവന വേതന വ്യവസ്ഥകൾ ലംഘിച്ച് അവകാശങ്ങൾ കവർന്നെടുക്കുമ്പോഴും കേരള സർക്കാർ ചില ഉദ്യോഗസ്ഥരുടെ ചൊൽപ്പടിക്ക് കീഴടങ്ങി അവർ ഇറക്കുന്ന തെറ്റായ ഉത്തരവുകൾ അംഗീകരിക്കുന്നത് ലജ്ജാകരമാണ്.
വിദ്യാർഥികളെ കേരളത്തിൽതന്നെ പിടിച്ചുനിർത്താനായി നാലുവർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിൽ വരുത്തുമ്പോഴും വിദ്യാർഥികളുടെ വിദേശ വിദ്യാഭ്യാസത്തിന് അതിന്റെ നിലവാരം നോക്കാതെ ആക്കം കൂട്ടുന്ന നടപടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകൊള്ളുന്നത്. ക്രിയാത്മകമായ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ അനിവാര്യമായ ഈ ഘട്ടത്തിൽ അധ്യാപകരെ വിശ്വാസത്തിലെടുക്കാതെയുള്ള ഏതു തീരുമാനവും ദോഷം മാത്രമേ ചെയ്യൂവെന്നും യോഗം മുന്നറിയിപ്പ് നൽകി.
സംസ്ഥാന പ്രസിഡന്റ് പ്രഫ. ആർ. അരുൺകുമാർ അധ്യക്ഷത വഹിച്ചു. ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, പ്രഫ. റോണി ജോർജ്, ഡോ. ജോ പ്രസാദ് മാത്യു, ഡോ. ടി.കെ. ഉമർ ഫാറൂഖ്, ഡോ. എം. ബിജു ജോൺ, ഡോ. എ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.