ഇരിട്ടി കല്ലുമുട്ടിയിലെ മൾട്ടിപ്ലക്സ് തിയേറ്റർ; റീടെൻഡറും ഉറപ്പിക്കാനായില്ല
1452043
Tuesday, September 10, 2024 1:46 AM IST
ഇരിട്ടി: പായം പഞ്ചായത്തിന്റെ കല്ലുമുട്ടിയിലെ കെട്ടിട സമുച്ചയത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) സ്ഥാപിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്ററിന്റെ റീടെൻഡർ ഉറപ്പിച്ചില്ല. ഇതോടെ തീയേറ്റർ പ്രവൃത്തി അനിശ്ചിതമായി നീളുമെന്ന സ്ഥിതിയായി.
ജൂലൈ 12 റീ ടെൻഡറിൽ പങ്കെടുത്ത എറണാകുളത്തെ സ്ഥാപനത്തിന് മതിയായ പരിചയമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു തള്ളിയത്. മൂന്നാമതും ടെൻഡർ വിളിക്കാനുള്ള നീക്കം കെഎസ്എഫ്ഡിസി തുടങ്ങി. കഴിഞ്ഞ ഏപ്രിൽ 11ന് ആദ്യം ടെൻഡർ വിളിച്ചെങ്കിലും ടെൻഡർ പ്രവൃത്തി ആരും ഏറ്റെടുത്തില്ല.
റീ ടെൻഡറിൽ 5.05 കോടി രൂപയുടെ പ്രവൃത്തി, നാലേമുക്കാൽ കോടി രൂപയ്ക്ക് എറണാകുളത്തുള്ള ഒരു കമ്പനി മാത്രമാണു വാഗ്ദാനം നല്കിയത്. ആറുമാസം കൊണ്ട് പണി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതി ഉദ്ഘാടനം നടത്തി രണ്ടുവർഷം പിന്നിട്ടിട്ടും ടെൻഡർ പോലും ഉറപ്പിക്കിനാകാത്ത അവസഥയിലാണ്. കെട്ടിട നിർമാണം പഞ്ചായത്ത് നേരത്തെ പൂർത്തിയാക്കിയതാണ്. 2022 മേയ് 18ന് മന്ത്രി സജി ചെറിയാനാണു തിയേറ്റർ നിർമാണം ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.
തലശേരി-വളവുപാറ റോഡിൽ പായം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ തലശേരി-മൈസൂരു സംസ്ഥാനാന്തര പാതയ്ക്കു അഭിമുഖമായി ഉള്ള സ്ഥലത്താണു ഏഴുകോടി രൂപ ചെലവിട്ടു മൾട്ടിപ്ലക്സ് തിയറ്റർ ഒരുക്കുന്നതിനായി പഞ്ചായത്ത് അഞ്ചുനില കെട്ടിടം പണിതത്.