കണ്ണൂരിലെത്തുന്ന അതിഥികൾക്ക് ഇനി റേറ്റിംഗ് നോക്കി താമസിക്കാം
1452337
Wednesday, September 11, 2024 1:46 AM IST
കണ്ണൂർ: അതിഥികളായി കണ്ണൂരിൽ എത്തുന്നവർക്ക് ഇനി റേറ്റിംഗ് നോക്കി താമസിക്കാം. അതിഥികൾക്ക് താമസസൗകര്യം ഒരുക്കുന്ന ഗ്രാമീണ മേഖലയിലെ ഹോം സ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ ശുചിത്വമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു നൽകുന്ന സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ് രജിസ്ട്രേഷൻ ജില്ലയിൽ പൂർത്തിയായി. 87 സ്ഥാപനങ്ങളിൽനിന്നുള്ള അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. ഇതിൽ 63 അപേക്ഷകളുടെ പരിശോധന പൂർത്തിയായി.അടുത്ത ആഴ്ച കളക്ടറുടെ ചേംബറിൽ ചേരുന്ന ജില്ലാ കമ്മിറ്റിയിൽ അപേക്ഷകൾ പരിശോധിച്ചശേഷമാണ് എത്ര സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. റേറ്റിംഗ് നൽകി കഴിഞ്ഞാൽ ജില്ലയിൽ എത്തുന്ന ഏവർക്കും ശുചിത്വ റേറ്റിംഗ് നോക്കി താമസിക്കാൻ സ്ഥലം കണ്ടെത്താം.
കേന്ദ്ര ടൂറിസം വകുപ്പും സ്വച്ഛത ഭാരത് മിഷനും ചേർന്നുനൽകുന്ന സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ് പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് ശുചിത്വമിഷനാണ്. നിലവിൽ ജില്ലയിലെ മലയോര മേഖലാ ടൂറിസം കേന്ദ്രങ്ങളാണ് റേറ്റിംഗ് നടപ്പാക്കുന്നത്.
നടുവിൽ, ഉദയഗിരി, ആലക്കോട്, ഏരുവേശി, ഉളിക്കൽ, പേരാവൂർ, ഇരിട്ടി തുടങ്ങിയ ഇടങ്ങളിൽനിന്നാണ് കൂടുതൽ അപേക്ഷകൾ എത്തിയത്. താമസയോഗ്യമായ അഞ്ചു മുറികളെങ്കിലുമുള്ള സ്ഥാപനങ്ങൾക്കാണ് റേറ്റിംഗ് നൽകുന്നത്. ശൗചാലയ സൗകര്യങ്ങൾ, ഖരമാലിന്യ സംസ്കരണം, ശുദ്ധ ജല ലഭ്യത തുടങ്ങിയവ പരിശോധിച്ചാണ് റേറ്റിംഗ് നൽകുക. റേറ്റിംഗിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വനിലവാരത്തിലെ വിശ്വസ്തയും അതിലൂടെ ബിസിനസ് സാധ്യതയും വർധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
റേറ്റിംഗ് മൂന്നു തരം
മൂന്ന് തരത്തിലാണ് റേറ്റിംഗ് നൽകുന്നത്. 100 മുതൽ 130 മാർക്ക്വരെയാണെങ്കിൽ സിംഗിൾ ലീഫ് റേറ്റ്, 131 മുതൽ 180 മാർക്കുവരെ ത്രീ ലീഫ്, 181 മുതൽ 200 മാർക്കുവരെയാണെങ്കിൽ ഫൈവ് ലീഫ്. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും സിംഗിൾ ലീഫ് റേറ്റിംഗിന് അർഹരാണെന്ന് ശുചിത്വമിഷൻ അധികൃതർ പറഞ്ഞു. അതിഥിമന്ദിരങ്ങൾ ശുചിത്വനിലവാരത്തിൽ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരമായിരിക്കും റേറ്റിംഗെന്നും അവർ വ്യക്തമാക്കി.