വയോജനങ്ങൾ കൈവിട്ടു ; അനാഥമായി പകൽവീടുകൾ
1451799
Monday, September 9, 2024 1:10 AM IST
ആലക്കോട്: വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്ക് മാനസികവും സാമൂഹ്യവുമായ ഉണർവും പൊതുസമൂഹത്തിന്റെ സ്വീകാര്യതയും ലക്ഷ്യമിട്ടുകൊണ്ട് പഞ്ചായത്തുതലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ പകൽവീടുകൾ ജില്ലയിൽ മക്കയിടത്തും അനാഥാവസ്ഥയിൽ. കോവിഡ് മഹാമാരിയെത്തുടർന്ന് വയോജനങ്ങൾ സ്വന്തം വീടുകളിൽ നിന്നും പൊതുസമൂഹത്തിലേയ്ക്ക് കടന്നുവരാൻ മടിച്ചതും പഞ്ചായത്തുതലത്തിൽ വേണ്ട പ്രോത്സാഹനം ഉണ്ടാകാതിരുന്നതുമാണ് പകൽവീടുകൾ നിർജീവമാകാനുള്ള പ്രധാന കാരണം.
കാൽ നൂറ്റാണ്ടു മുമ്പാണ് വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി സീനിയർ സിറ്റിസൺ ഫോറം എന്ന സംഘടന നിലവിൽ വന്നത്. കേരളത്തിലുടനീളം സംഘടന വളരുകയും വയോജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിരന്തരമായ ഇടപെടലുകൾ നടത്തിവരികയും ചെയ്തതിന്റെ ഫലമായി സർക്കാർ തലത്തിൽ പല നടപടികളും സ്വീകരിക്കകയുമുണ്ടായി. വയോജനങ്ങൾക്ക് ബസുകളിൽ സീറ്റ് സംവരണം, സർക്കാർ ഓഫീസുകളിൽ എത്തുന്ന വയോജനങ്ങൾക്ക് പ്രത്യേക പരിഗണന, പെൻഷന് അർഹതയുള്ളവർക്ക് അത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുതാര്യമാക്കൽ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കുവാൻ വയോജനവേദിയുടെ നിരന്തരമായ ഇടപെടലുകൾ കൊണ്ട് സാധിച്ചു.
വയോജനങ്ങൾക്ക് ഒന്നിച്ചുകൂടാനും പകൽസമയത്ത് വീടുകളിലെ ഒറ്റപ്പെടൽ ഒഴിവാക്കുന്നതിനും ആയിട്ടാണ് പകൽവീടുകൾ പഞ്ചായത്തുകൾ തോറും നിർമിച്ചത്. പകൽവീട്ടിൽ എത്തുന്ന വയോജനങ്ങൾക്ക് പത്രം, ടെലിവിഷൻ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, വിശ്രമിക്കാനുള്ള കട്ടിലുകൾ,മേശ, കസേരകൾ, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ പകൽവീടുകളിൽ ഒരുക്കി.
തുടക്കത്തിൽ വയോജനങ്ങളിൽ നിന്നും നല്ല സ്വീകാര്യത ലഭിച്ചുവെങ്കിലും പതിയെപ്പതിയെ ആളുകളുടെ സഹകരണം കുറഞ്ഞുവന്നു. 2020 ൽ കോവിഡ് മഹാമാരിയെത്തുടർന്ന് ആളുകൾ വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ടതോടുകൂടി പകൽവീടുകൾ അനാഥമായി.
മാസത്തിൽ ഒന്നോ രണ്ടോ തവണ പകൽവീടിന്റെ ചുമതലയുള്ളവർ വന്ന് തുറക്കുന്നതൊഴിച്ച് മറ്റൊന്നും നടക്കാറില്ല. തുടക്ക കാലത്ത് സ്വതന്ത്ര സംഘടനയായ വയോജനവേദി മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് രാഷ്ട്രീയ പാർട്ടികളും സംഘടനയുണ്ടാക്കിയതോടുകൂടി വയോജനങ്ങൾ സഹകരിക്കാതെ വന്നതും വിനയായി. ലക്ഷക്കണക്കിന് രൂപ പഞ്ചായത്ത് ഫണ്ടിൽനിന്ന് ചിലവഴിച്ചു നിർമിച്ച പകൽവീടുകൾ ഇപ്പോൾ പഞ്ചായത്തുകൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്.