വില്ലേജ് മാർട്ട് ആഴ്ചച്ചന്ത പ്രവർത്തനമാരംഭിച്ചു
1452062
Tuesday, September 10, 2024 1:46 AM IST
കരുവഞ്ചാൽ: തളിപ്പറമ്പ് ബ്ലോക്ക് കേന്ദ്രീകരിച്ച് രണ്ടുവർഷം മുന്പ് രൂപംകൊണ്ട പൈതൽ ഹിൽസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വില്ലേജ് മാർട്ടും ആഴ്ചച്ചന്തയും പ്രവർത്തനമാരംഭിച്ചു. ആലക്കോട് കൊട്ടയാട് ഫിലിംസിറ്റിക്കു സമീപമാണ് കർഷകരുടെ ഈ സംരംഭം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 101 കർഷകർ തിരി തെളിച്ചാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മൂല്യ വർധിത ഉത്പന്നങ്ങളാക്കി സ്വദേശത്തും വിദേശത്തുമായി വിപണം നടത്തി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.
ചടങ്ങിൽ ചെയർമാൻ ഡോ. കെ.എം. തോമസ് അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് മൂല്യവർധിത ഉത്പന്ന ഷോപ്പ് ഉദ്ഘാടനം ചെയ്തു. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ഇൻപുട്ട് ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ സ്പൈസസ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. നടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കർഷക അവാർഡ് ജേതാവ് അഗസ്റ്റിൻ പറത്താഴയെ ചടങ്ങിൽ ആലക്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് അജിത്ത് വർമ ആദരിച്ചു. ആദ്യ വില്പന എസ്എച്ച്എം ഡയറക്ടർ പി. രേണു വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് യൂണിറ്റ് പ്രസിഡന്റ് കെ.എം. ഹരിദാസിന് നൽകി നിർവഹിച്ചു.
വയനാട് വാം ടീ വിപണന ഉദ്ഘാടനം കരുവഞ്ചാൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജയിംസ് പുത്തൻപുര നിർവഹിച്ചു. ഷെയർ സർട്ടിഫിക്കറ്റ് വിതരണം പിഡിഎസ് കോ-ഓർഡിനേറ്റർ പി.കെ. റിജിൻ നർവഹിച്ചു. കമ്പനി സിഇഒ സുധീപ് സ്കറിയ പദ്ധതി വിശദീകരണം നടത്തി. കെവികെ ഡയറക്ടർ പി. ജയരാജ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം. എൻ. പ്രദീപൻ, വയനാട് വാം ടീ ഡയറക്ടർ ഫാ. ടിനോ സിഎസ്ടി, ആലക്കോട് പഞ്ചായത്തംഗം നിഷ വിനു, പൈതൽ ഹിൽസ് എംഡി പി.ടി. ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.