ഹാൻവീവ്-2024 ഓണം വില്പന മേള
1452047
Tuesday, September 10, 2024 1:46 AM IST
ഹാൻവീവ് 2024 ഓണം വില്പന മേള താവക്കരയിലുള്ള കണ്ണൂർ വാഴ്സിറ്റി കാന്പസിൽ തുടങ്ങി. സർവകലാശാല സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ നഫീസ ബേബി ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വില്പന സർവകലാശാല എംപ്ലോയീസ് യൂണിയൻ സെക്രട്ടറി വി. ജയകൃഷ്ണൻ ഏറ്റുവാങ്ങി. ഹാൻവീവ് മാർക്കറ്റിംഗ് മാനേജർ ഒ.കെ. സുദീവ്, റീജണൽ മാനേജർ ടി.കെ. സലീം എന്നിവരും മറ്റു ജീവനക്കാരും പങ്കെടുത്തു.
കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം സർക്കാർ റിബേറ്റ് നൽകിവരുന്നു. കേരളത്തിൽ ഹാൻവീവിന്റെ 40 ഷോറൂമുകൾക്ക് പുറമെ ഓണം റിബേറ്റ് പ്രമാണിച്ച് 11 എക്സിബിഷനുകളും പ്രവർത്തിച്ചുവരുന്നു. ഓൺലൈൻ വിപണനവും ആരംഭിച്ചിട്ടുണ്ട്.
121 ഓണച്ചന്തകളുമായി കൺസ്യൂമർഫെഡ്
ഓണത്തിന് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ ജില്ലയിൽ 14 വരെ 121 ഓണച്ചന്തകളു മായി കൺസ്യൂമർഫെഡ്.
സംസ്ഥാന സർക്കാർ നിശ്ചയിച്ച വിലയിൽ അരി, പഞ്ചസാര എന്നിങ്ങനെ യുള്ള 13 തരം നിത്യോപയോഗ സാധനങ്ങളാണ് ചന്തയിൽ നിന്നും വാങ്ങാനാകുക. 115 സർവീസ് സഹകരണ ബാങ്കുകൾ, ആറ് കൺസ്യൂമർ ഫെഡ്, ത്രിവേണി സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയാണ് ഓണച്ചന്തകൾ ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. പിണറായി, ചാലോട്, പേരാവൂർ, കമ്പിൽ, പയ്യന്നൂർ, മഞ്ഞോടി എന്നിവടങ്ങളിലാണ് ത്രിവേണി സൂപ്പർ മാർക്കറ്റുകളുടെ ഓണച്ചന്തകൾ. ജില്ലാതല ഓണച്ചന്ത ചെറുതാഴം സർവീസ് സഹകരണ ബാങ്കിലാണ് നടത്തുന്നത്.
വില വിവരപ്പട്ടിക: ഇനം, വില എന്നിവ-ജയ അരി 29, കുറുവ അരി 30, കുത്തരി 30, പച്ചരി 26, പഞ്ചസാര 27, ചെറുപയർ 92, വൻ കടല 69, ഉഴുന്ന് 95, വൻപയർ 75, തുവരപ്പരിപ്പ് 111, മുളക് (500 ഗ്രാം) 75, മല്ലി (500 ഗ്രാം) 39, വെളിച്ചെണ്ണ (500 മില്ലി ലിറ്റർ) 55.