സിപിഎം ബ്രാഞ്ച് യോഗങ്ങളിൽ സ്വത്തിടപാടുകളും സ്വാർത്ഥ താത്പര്യങ്ങളും കത്തിപ്പടരുന്നു
1451737
Sunday, September 8, 2024 7:33 AM IST
കണ്ണൂര്‍: സിപിഎം ബ്രാഞ്ച് യോഗങ്ങളിൽ നേതാക്കളുടെ നിലപാടുകൾ ചോദ്യം ചെയ്യുപ്പെടുന്നതിനൊപ്പം സ്വത്തിടപാടുകൾ, ജനഹിതം പരിശോധിക്കാതെ കൊണ്ടുവരാനിരിക്കുന്ന വ്യവസായങ്ങൾ എന്നിവയെല്ലാം വിമർശന വിധേയമാകുന്നു. പയ്യന്നൂര്‍ ഏരിയയ്ക്കു കീഴിലെ സമ്മേളനങ്ങളിൽ പാർട്ടി നിയന്ത്രണത്തിലുള്ള ഒരു സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സ്വത്തിടപാട് പ്രധാന ചർച്ചയായിട്ടുണ്ട്.
പെരിങ്ങോം ഏരിയയക്കു കീഴിൽ കാങ്കോല്‍-ആലപ്പടമ്പില്‍ ജനജീവിതം ദുസഹമാക്കുന്ന വ്യവസായങ്ങള്‍ കൊണ്ടുവരുന്നതില്‍ ചില നേതാക്കള്‍ നടത്തിയ ഇടപെടലുകളാണ് ചര്‍ച്ചയാകുന്നത്. നേതാക്കളിൽ ചിലർ തങ്ങളുടെ താത്പര്യത്തിനായി പാർട്ടി സ്വാധീനം ദുരുപയോഗം ചെയ്തതായും ആരോപണം ഉയർന്നു.
സഹകരണ ബാങ്ക് ഡാറ്റാ ബാങ്കിലുൾപ്പെടുന്ന ഒരേക്കർ സ്ഥലം വാങ്ങിയത് സംബന്ധിച്ചാണ് വിമർശനം ഉയരുന്നത്. പ്രാദേശിക നേതൃത്വവും എസ്റ്റേറ്റ് മാഫിയയും ഒത്തുകളിച്ച് പ്രദേശത്തെ സ്ഥലത്തിന്റെ മതിപ്പു വിലയെക്കാൾ ഇരട്ടിയോളം കൊടുത്താണ് ബാങ്ക് സ്ഥലം വാങ്ങിയതെന്നും ആരോപണം ഉയർന്നു. ഈ വിഷയം സംബന്ധിച്ച് ചൂടേറിയ വാദ പ്രതിവാദമുണ്ടായി. പാർട്ടി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ബ്രാഞ്ച് സമ്മേളനത്തിനെത്തിയ മേൽക്കമ്മിറ്റി അംഗങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ കഴിയാത്തതിനെ തുടർന്ന് മൂന്നു ബ്രാഞ്ച് യോഗങ്ങൾ നിർത്തിവയ്ക്കേണ്ടിയും വന്നിരുന്നു.
കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തില്‍ ജനജീവിതം ദുസഹമാക്കുന്നവിധം റെഡ് കാറ്റഗറിയിലുള്പ്പെട്ടതടക്കമുള്ള വ്യവസായങ്ങള്‍ കൊണ്ടുവന്നതും വിമർശിക്കപ്പെട്ടു.
വ്യവസായങ്ങള്‍ മലിനീകരണ പ്രശ്നങ്ങളുണ്ടാക്കുന്നതായും രോഗങ്ങള്‍ക്ക് കാരണമാകുന്നതായും ചൂണ്ടിക്കാണിച്ചിട്ടും ഒരുനടപടിയുമുണ്ടായില്ല എന്ന ആരോപണങ്ങളും യോഗങ്ങളെ പ്രക്ഷുബ്ധമാക്കി മാറ്റി. സാധാരണക്കാർക്ക് പട്ടയം കിട്ടാതിരിക്കുന്പോൾ നേതാക്കളിൽ ചിലർ മിച്ചഭൂമി കൈയേറിയെന്ന ഗുരുതരമായ ആരോപണവും സമ്മേളനത്തിൽ ഉയർന്നു.
സ്വന്തം ലേഖകൻ