ചാക്കാട് സങ്കേതത്തിൽ ഊരുക്കൂട്ടം കൂടി; നടപടി സ്വീകരിക്കേണ്ടത് പട്ടികജാതി വികസന വകുപ്പെന്ന് പഞ്ചായത്ത്
1451806
Monday, September 9, 2024 1:10 AM IST
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് സങ്കേതത്തിൽ ഊരുക്കൂട്ടം കൂടി. ഊരുകൂട്ടത്തിൽ ആവശ്യങ്ങളുടെ കെട്ടഴിച്ചെങ്കിലും ചുവപ്പുനാടയും പട്ടികവർഗ വികസനവകുപ്പിന്റെ മെല്ലെപ്പോക്കും കൈമലർത്തി പഞ്ചായത്തും. ചാക്കാട് സങ്കേതത്തിന്റെ ദുരവസ്ഥ കഴിഞ്ഞ ദിവസം ദീപിക റിപോർട്ട് ചെയ്തിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചെങ്കിലും ചുവപ്പുനാടയും പട്ടികജാതി വികസനവകുപ്പിന്റെ മെല്ലെപ്പോക്കും കാരണം ആദിവാസികൾക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സങ്കേതത്തിലെ കൈകുഞ്ഞുങ്ങൾ വരെ കഴിയുന്നത് വാസയോഗ്യമല്ലാത്ത വീടുകളിലാണ്.
ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10ൽ വനത്തോടു ചേർന്ന് പാറക്കൂട്ടത്തിലാണ് ചാക്കാട് സങ്കേതക്കാർക്ക് ഒരേക്കർ ഭൂമി അനുവദിച്ചത്. എന്നാൽ ആനകളുടെ ചവിട്ടേറ്റ് മരിക്കുന്നതിനേക്കാൾ വീട് തകർന്നുവീണ് മരിക്കുന്നതാണ് നല്ലതെന്നാണ് ഇവർ പറയുന്നത്. ചാക്കാടുള്ള മൂന്നു കുടുംബങ്ങൾ മാത്രമാണ് ആറളം ഫാമിലെ ഭൂമി കൈവശം വാങ്ങിയിട്ടുള്ളത്. നിലവിൽ ഫാമിൽ ഭൂമി ഉള്ളതുകൊണ്ട് ചാക്കാട് സങ്കേതത്തിലെ കുടുംബങ്ങൾ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ അവഗണിക്കപ്പെടുകയാണ്. ഫാമിൽ ലഭിച്ച സ്ഥലം തങ്ങൾക്ക് വേണ്ടെന്ന് അധികാരികളെ അറിയിച്ചതാണെന്നാണ് താമസക്കാർ പറയുന്നത്.
50 സെന്റ് സ്ഥലത്ത് താമസിക്കുന്ന 16 കുടുംബങ്ങളിൽ ഒന്പതു വീടുകൾ വാസയോഗ്യമല്ലെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും ഇപ്പോഴും കൈകുഞ്ഞുങ്ങളുമായി 13 ഓളം കുടുംബങ്ങൾ ചാക്കാട് സങ്കേതത്തിലെ വീടുകളിൽ താമസിക്കുന്നു. ഇതൊന്നും നാളിതുവരെ പട്ടികജാതി വികസന വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
ചാക്കാട് സങ്കേതത്തിലെ ശോച്യാവസ്ഥ തത്വത്തിൽ അംഗീകരിക്കുന്ന പഞ്ചായത്തിന് പ്രശ്ങ്ങൾ പരിഹരിക്കാൻ എന്തുചെയ്യണം എന്ന ആശങ്കയിലാണ്.13 കുടുംബങ്ങൾ താമസിക്കുന്ന സങ്കേതത്തിൽ ഒരു വീടിനു മാത്രമാണ് ശുചിമുറി സംവിധാനമുള്ളത്. ഭൂരിഭാഗം ജനങ്ങളും ഒരു ശുചിമുറിയെ ആശ്രയിക്കുന്നതായി ഗൃഹനാഥ പരാതി പറഞ്ഞിരുന്നു. അഞ്ച് ശുചിമുറികൾ ഉള്ള ടോയിലറ്റ് കോംപ്ലക്സ് നിർമിക്കാനാണ് പഞ്ചായത്തിന്റെ ലക്ഷ്യമിടുന്നത്. ഇവ എവിടെ നിർമിക്കണം എന്നതും ആശങ്കയായി നിലനിൽക്കുന്നു.
സങ്കേതത്തിൽ കുടിവെള്ള സംവിധാനം പ്രവർത്തിക്കാത്തതിനെക്കുറിച്ചും പഞ്ചായത്തിന് അറിവില്ല. പഞ്ചായത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രവർത്തങ്ങൾ അടുത്ത ഭരണ സമിതിയിൽ ചർച്ച ചെയ്തു തീരുമാനിക്കും എന്നാണ് പഞ്ചായത്തിന്റെ മറുപടി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം മുടക്കി 2020 നിർമിച്ച സങ്കേതത്തിലെ സംസ്കാരിക നിലയം പഞ്ചായത്തിനു കൈമാറിയാൽ മാത്രമേ വൈദ്യുത കണക്ഷൻ ഉൾപ്പെടെ എടുക്കുവാൻ കഴിയുകയുള്ളുവെന്നും, വൈദ്യുത ബന്ധം വിഛേദിച്ച വീടുകളിൽ കണക്ഷൻ പുനഃസ്ഥാപിക്കാൻ കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
"ഞങ്ങൾ ജനിച്ചുവളർന്നത് ഇവിടെയാണ് ഇവിടംവിട്ട് ഞങ്ങൾ എവിടേയ്ക്കുമില്ലെന്ന് എഴുതികൊടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഊരുകൂട്ടത്തിൽ ഞങ്ങൾ എല്ലാം പറഞ്ഞതാണ്. ഫാമിൽ ഭൂമി ലഭിച്ചതുകൊണ്ട് ഇവിടെ വീടുതരാൻ കഴിയില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ കൈക്കുഞ്ഞുമായി ഞങ്ങൾ എങ്ങനെ വനത്തിന്റെ അടുത്ത് താമസിക്കും. മരണം വരെ ഞങ്ങൾ മറ്റൊരിടത്തേക്കില്ല'.
-നിഷ (സങ്കേതത്തിലെ
താമസക്കാരി)