തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിയിൽ ഡോക്ടർമാരില്ല
1452065
Tuesday, September 10, 2024 1:46 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. ഗൈനക്കോളജി വിഭാഗത്തിലെ മൂന്ന് ഡോക്ടർമാരിൽ രണ്ടുപേർ മെഡിക്കൽ അവധിയിലാണ്. ഒരു മാസത്തിലേറെയായിട്ടും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.
ഗൈനക്കോളജിയിൽ മാത്രം എഴുപതിനും നൂറിനും ഇടയിൽ ഗർഭിണികൾ ദിനംപ്രതി എത്തുകയും മാസം അമ്പതോളം പ്രസവം നടക്കുകയും ചെയ്യുന്നുണ്ട്. മെഡിക്കൽ അവധിയിൽ പോയവർക്കുപകരം ഡോക്ടർമാരെ ഏർപ്പെടുത്താത്ത സാഹചര്യത്തിൽ ഒരു ഡോക്ടറുടെ സേവനം മതിയാകാത്ത സ്ഥിതിയാണ്.
കൂടാതെ, ഗൈനക്കോളജി വിഭാഗത്തിൽ 24 മണിക്കൂർ ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ സാധിക്കുന്നില്ല. മുൻകൂട്ടി തീരുമാനിക്കാതെ അത്യാവശ്യമായി വരുന്ന സിസേറിയനെയും ഡോക്ടർമാരുടെ കുറവ് ബാധിക്കുന്നുണ്ട്.
മെഡിക്കൽ അവധിയിലുള്ളവർക്കു പകരം ഡോക്ടർമാരെ നിയമിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര ഇടപെടൽ നടത്തി പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യമുയരുന്നത്.