വിമാനത്താവളം: വയലാട്ടിൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടി നീളുന്നു
1451813
Monday, September 9, 2024 1:10 AM IST
മട്ടന്നൂർ: വിമാനത്താവളവുമായി ബന്ധപ്പെട്ട് കല്ലേരിക്കര വയലാട്ടിൽ 71.85 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നീളുന്നു. സുരക്ഷ മുൻനിർത്തിയാണ് വിമാനത്താവളത്തിലെ ലൈറ്റിംഗ് ഏരിയക്ക് തൊട്ടുതാഴെയുള്ള 14 വീട്ടുകാരുടെ വീടും സ്ഥലവും ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പലതവണ വിമാനത്താവള പ്രദേശത്തുനിന്ന് വെള്ളം കുത്തിയൊഴുകി നാശനഷ്ടമുണ്ടായിട്ടും സ്ഥലമേറ്റെടുപ്പിനുള്ള അടിയന്തര നടപടികൾ ഉണ്ടാകുന്നില്ല. കഴിഞ്ഞ ഡിസംബർ 12നാണ് വയലാട്ടിലെ സ്ഥലം ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിമാനത്താവളത്തിന് ഭൂമി വിട്ടുനൽകിയവർക്കുള്ള പുനരധിവാസ മേഖലയിൽ രണ്ടു മാസം മുമ്പും കനത്ത മഴയിൽ വിമാനത്താവള പ്രദേശത്തുനിന്ന് വെള്ളമൊഴുകി നാശനഷ്ടമുണ്ടായിരുന്നു. പലതവണ മണ്ണിടിച്ചിലുണ്ടാകുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
അപകടസ്ഥിതി കണക്കിലെടുത്താണ് ഇവരുടെ സ്ഥലം കൂടി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിന് ആവശ്യമായ തുക സംബന്ധിച്ച് ശിപാർശ നൽകാൻ കളക്ടർക്ക് നിർദേവും നൽകിയിരുന്നു.
എന്നാൽ കളക്ടർ ഉൾപ്പടെയുള്ള അധികൃതരുമായി പലതവണ ബന്ധപ്പെട്ടിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വിമാനത്താവളത്തിന്റെ ഏരിയയ്ക്കായി സ്ഥലം മണ്ണിട്ട് ഉയർത്തിയതോടെയാണ് വയലാട്ടിലെ വീട്ടുകാർ പ്രതിസന്ധിയിലായത്.
ചെളിയും മണ്ണും കുത്തിയൊഴുകി കിണറുകളടക്കം മലിനമായതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. ഒൻപതു വീടുകൾ ഏറ്റെടുക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും സുരക്ഷ മുൻനിർത്തിയാണ് 14 പേരുടെ സ്ഥലവും ഏറ്റെടുക്കാൻ തയാറായത്.
കാനാട്ടെ സ്ഥലമേറ്റെടുപ്പും അനിശ്ചിതത്വത്തിൽ
വിമാനത്താവള റൺവേ വികസനത്തിനായി കാനാട്, കോളിപ്പാലം മേഖലയിൽ 245 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയും എങ്ങുമെത്താതെ നീളുകയാണ്. സ്ഥലമേറ്റെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ഒൻപതു വർഷത്തോളമായി കാത്തിരിപ്പിലാണ് ഇവിടത്തെ സ്ഥലമുടമകൾ. പലതവണ അധികൃതർക്ക് നിവേദനം നൽകുകയും പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും അനുകൂല നടപടിയുണ്ടായില്ല. സ്ഥലത്ത് നിർമാണം നടത്താനോ ക്രയവിക്രയം ചെയ്യാനോ സാധിക്കുന്നില്ല. 942.93 കോടിയോളം രൂപയാണ് നഷ്ടപരിഹാരം നൽകാനായി വേണ്ടിവരിക.
2017ൽ വിമാനത്താവള പ്രദേശത്തുനിന്ന് ചെളിയും വെള്ളവും കുത്തിയൊഴുകിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കും ഇതുവരെയായും നഷ്ടപരിഹാരവും പുനരധിവാസവും നൽകിയിട്ടില്ല. ഇതിൽ പലരും വാടകവീട്ടിലുമാണ് കഴിയുന്നത്.