സജീവമായി പൂ വിപണി
1452320
Wednesday, September 11, 2024 1:45 AM IST
കണ്ണൂർ: അത്തം പിറന്നതോടെ പൂ വിപണിയും ഉണർന്നു. പുക്കളം ഒരുക്കാൻ ഇത്തവണയും ഇതരസംസ്ഥാനത്ത് നിന്ന് ഇറക്കുമതിചെയ്ത പൂക്കളാണ്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ എത്തിക്കുന്നത്. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പൂക്കളുമായി തെരുവു കച്ചവടക്കാർ ഇടം പിടിച്ചുകഴിഞ്ഞു.
ചെണ്ടുമല്ലി, വെന്തി,വാടാമല്ലി,റോസ് തുടങ്ങിയ പൂക്കൾക്കാണ് ഡിമാൻഡ് ഏറെയും. ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 180 മുതൽ 200 വരെയാണ് വില. മുല്ല1000- 1200, വാടമല്ലി 300, റോസ് 400, വെള്ള ജമന്തി 500 തുടങ്ങിയവയാണ് നിലവിലെ വില. തിരുവോണം ആകുമ്പോഴേക്കും വിലയിൽ വർധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. മുൻ വർഷങ്ങളിൽ അരളിക്ക് വലിയ ഡിമാൻഡായിരുന്നു. എന്നാൽ, അരളിയിലെ വിഷ സാന്നിധ്യം ഇത്തവണ പൂവിന് ഡിമാൻഡ് ഇല്ലാതാക്കിയിട്ടുണ്ട്.
എന്നാൽ, ഡിമാൻഡ് കുറവാണെങ്കിലും അരളിക്ക് തീ വിലയാണ് വിപണിയിൽ. പിങ്ക് അരളി 300, വെള്ള അരളി 450, ചുവന്ന അരളി 500 എന്നിങ്ങനെയാണ് വില. അരളിയില കഴിച്ച് യുവതി മരിച്ചതും അരളി തിന്ന പശു ചത്തതും ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് പിറകെയാണ് അരളി പൂവിന് ആവശ്യക്കാർ കുറഞ്ഞതെന്ന് വ്യാപാരികൾ പറയുന്നു. ആവശ്യക്കാർ കുറഞ്ഞാൽ വില കുറച്ച് വിൽക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ഇത് വ്യാപാരികൾക്ക് വലിയ നഷ്ടം ഉണ്ടാക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
കച്ചവടം കുറയാൻ
സാധ്യത
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലും കോളജുകളിലും ഓഫീസുകളിലും ഓണാഘോഷം വളരെ ലളിതമായ രീതിയിലാണ് നടത്തുന്നത്. പലരും ഓണാഘോഷങ്ങൾ തന്നെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് പൂക്കൾ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം കുറയാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറഞ്ഞു. മിക്ക മേഖലയിലും ജില്ലാ പഞ്ചായത്തിന്റെ നിർദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൂ കൃഷി വ്യാപകമായി നടത്തിയിരുന്നു. പ്രാദേശിക വിപണിയിൽ ഈ പൂക്കൾ വിൽപന നടക്കുന്നത് കൊണ്ട് പൂ വ്യാപാരികൾക്ക് കച്ചവടം നല്ല രീതിയിൽ കുറയുമെന്ന് വ്യാപരികൾ പറയുന്നു.