റാഗിംഗ്: 15 വിദ്യാർഥികൾക്കെതിരേ കേസെടുത്തു
1451736
Sunday, September 8, 2024 7:33 AM IST
ഇരിട്ടി: തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ജൂണിയർ വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരേ ആന്റി റാഗിംഗ് നിയമപ്രകാരം പോലീസ് കേസെടുത്തു. തില്ലങ്കേരി വടക്കേക്കര മുഹമ്മദ് ഷാനിഫിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ഷൂ ധരിച്ചതും തലമുടി മുറിച്ചതും ഷർട്ടിന്റെ ബട്ടനിട്ടതും ചോദ്യം ചെയ്ത് സീനിയർ വിദ്യാർഥികൾ മർദിച്ചെന്നാണ് പരാതി.
പരിക്കേറ്റ ഷാനിഫ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഷാനിഫ് പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപകൻ എ. സന്തോഷിന് നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. മുഴക്കുന്ന് പോലീസ് ഷാനിഫിന്റെ മൊഴിയെടുത്തു. മർദിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
റാഗിംഗിന്റെ പേരിൽ പലപ്പോഴും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലും സ്കൂളിലും പരിസത്തും പതിവാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നാരംഭിച്ച സംഘർഷം കാവുംപടി ടൗണിലേക്കും വ്യാപിച്ചിരുന്നു. ഈ സംഭവത്തിലാണ് ഷാനിഫിന് മർദനമേറ്റത്. സ്കൂളിലെ ഒരുപറ്റം വിദ്യാർഥികളുടെ മോശമായ രീതിയിലുള്ള ഇടപെടലുകളും പുതുതായി സ്കൂളിലെത്തുന്നവരെ അക്രമിക്കുന്നതുൾപ്പെടെയുള്ള രീതികൾ രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ട്.
ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളും ആവശ്യം. സംഘർഷം ഉണ്ടാക്കുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഴക്കുന്ന് സിഐ എ.വി. ദിനേഷ് പറഞ്ഞു.