സിൻഡിക്കേറ്റംഗത്തിനെതിരേ ആരോപണവുമായി കെപിസിടിഎ
1452335
Wednesday, September 11, 2024 1:46 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ കഴിഞ്ഞ ഒരു വർഷമായി പിഎച്ച്ഡി ഗൈഡ്ഷിപ്പ് കോളജ് അധ്യാപകർക്ക് നിഷേധിച്ചതിൽ മുൻ റിസർച്ച് ഡയറക്ടറും നിലവിലെ സിൻഡിക്കേറ്റംഗവുമായ അനിൽ രാമചന്ദ്രന്റെ പങ്ക് എടുത്തുപറഞ്ഞു വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി കത്തെഴുതി.
നാക് -എൻഐആർഎഫ് റാങ്കിംഗ് പശ്ചാത്തലത്തിൽ ഗവേഷണോന്മുഖ സാഹചര്യം നിഷേധിക്കുന്ന സർവകലാശാലയുടെ നിലപാട് പ്രതിഷേധകരമാണെന്ന് മേഖലാ പ്രസിഡന്റ് ഡോ. ഷിനോ പി.ജോസ് വൈസ് ചാൻസലറെ അറിയിച്ചു. എ ജി ഒബ്ജക്ഷനിലൂടെ 10 കോടി രൂപ സർവകലാശാലയ്ക്ക് നഷ്ടമായതിൽ ആരോപണ വിധേയനായ വ്യക്തിയാണ് നിലവിലെ സിൻഡിക്കേറ്റംഗം അനിൽ രാമചന്ദ്രൻ. കണ്ണൂർ സർവകലാശാലയിൽ പിഎച്ച്ഡി ഗൈഡ്ഷിപ്പ് നിഷേധിച്ചത് വിവാദമായപ്പോൾ ഇതര സർവകലാശാലയിലും ഇത്തരം സമീപനം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായി.
പ്രസ്തുത ശ്രമത്തിന്റെ പരിണിതഫലമാണ് കണ്ണൂർ സർവകലാശാലയ്ക്ക് പിന്നാലെ കേരള സർവകലാശാലയിലും പിഎച്ച്ഡി ഗൈഡ്ഷിപ്പ് നിഷേധിക്കുന്ന സാഹചര്യം ഉണ്ടായത്. കേരള സർവകലാശാലയുടെ ഈ നിലപാട് കേരള സർവകലാശാല വൈസ് ചാൻസലർ അറിഞ്ഞിട്ടില്ലെന്ന റിപ്പോർട്ടുകൾ ഉണ്ട്. യുജിസി നിബന്ധനകൾ വളച്ചൊടിച്ചാണ് വ്യക്തിപരമായ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ റിസർച്ച് ഡയറക്ടർ ഇങ്ങനെയൊരു നിലപാട് കൈക്കൊണ്ടത്. സർവകലാശാലയിലെ ഗവേഷണ സാഹചര്യം തകർക്കാൻ ശ്രമിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലെയാണ്. അഫിലിയേറ്റഡ് കോളജുകളുള്ള മഹാത്മാഗാന്ധി സർവകലാശാലയും കാലിക്കട്ട് സർവകലാശാലയും പിഎച്ച്ഡി ഗൈഡ്ഷിപ്പ് കോളജ് അധ്യാപകർക്ക് അനുവദിക്കുന്നതായുള്ള രേഖകളും കെപിസിടിഎ വൈസ് ചാൻസലർക്ക് സമർപ്പിച്ചു.
നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിച്ച സാഹചര്യത്തിൽ ഓണേഴ്സ് വിത്ത് റിസർച്ച് എന്ന നാലുവർഷ ഡിഗ്രി പ്രോഗ്രാം യുജിസി നിബന്ധനകൾക്ക് വിധേയമായി നടപ്പിലാക്കണമെങ്കിൽ പിഎച്ച്ഡി ഗൈഡ് ഷിപ്പ് നേടിയ അധ്യാപകരുടെ സാന്നിധ്യം കോളജുകളിൽ അനിവാര്യമാണെന്നിരിക്കെ ചില സർവകലാശാലകളിലെ വ്യക്തികേന്ദ്രീകൃത ലോബികളുടെ സ്വാധീനത്തിൽ കണ്ണൂർ സർവകലാശാല അധ്യാപക വിരുദ്ധ സമീപനം കൈക്കൊള്ളുന്നത് അവസാനിപ്പിക്കണമെന്ന് കെപിസിടിഎ ആവശ്യപ്പെട്ടു.